പാനൂര്‍ മൊകേരിയില്‍ കൊവിഡ് രോഗി മരിച്ചു; റിപ്പോര്‍ട്ട് മറച്ചുവെച്ച് ആരോഗ്യ വകുപ്പ്; പ്രതിഷേധം
തലശേരി : പാനൂര്‍ മൊകേരിയില്‍ കൊവിഡ് ബാധിച്ച് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ച വിവരം മറച്ചുവെച്ച് ആരോഗ്യ വകുപ്പ്.
വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായിരുന്ന മൊകേരി മുത്താറി പീടികയിലെ മൊകേരി രാജീവ് ഗാന്ധി സ്‌കൂളിന് സമീപം തെക്കിലാണ്ടിയില്‍ ബിയ്യാത്തു(84) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇവരുടെ സ്രവ പരിശോധന ഫലം പോസിറ്റീവായത്. പ്രമേഹ രോഗിയായ ഇവര്‍ വീട്ടില്‍ നിന്ന് വീണു കാലിന് പരുക്കേറ്റ് പരിയാരത്ത് ചികിത്സയിലിരിക്കെ 19 ന് ഇവരുടെ കാല്‍ മുറിച്ചു മാറ്റിയിരുന്നു. അന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ മാക്കൂല്‍ പീടിക ജുമാ മസ്ജിദില്‍ കാല്‍ മറവ് ചെയ്തവര്‍ ക്വാറന്റൈനില്‍ പോവാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധമുണ്ടായിരുന്നു.
എന്നാല്‍ 25ന് പുലര്‍ച്ചെ മരണപ്പെട്ട ബിയ്യാത്തുവിന്റെ മൃതദേഹം മൊകേരി കടേപ്ര ജുമാ മസ്ജിദില്‍ പരിയാരത്തെ ആരോഗ്യ പ്രവര്‍ത്തകരും പാനൂര്‍ പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരും കൂടി മറവ് ചെയ്തു. തുടര്‍ന്ന് കടേപ്രത്തെ നാട്ടുകാരെ അറിയിക്കാതെ പുറത്ത് നിന്നുള്ള മഹല്ലിലെ മൃതദേഹം ഖബറടക്കം നടത്തിയതില്‍ നാട്ടുകാര്‍ രോഷാകുലരായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക്ക് സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് സുപ്രണ്ട് ഡോ. കെ സുധീപ് കേസ് പോസിറ്റീവ് ആണെന്ന് സമ്മതിക്കുകയും ചെയ്തതോടെയാണ് ആരോഗ്യ വകുപ്പിന്റെയും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെയും മറച്ചുവെക്കല്‍ നടപടി പുറത്തുവരുന്നത്.
കടേപ്രത്തെ നാട്ടുകാര്‍ രോഷാകുലരായതോടെ പാനൂര്‍ പൊലിസ് സ്ഥലത്തെത്തി ബോധവല്‍കരണവും പാര്‍ട്ടി നേതാക്കള്‍ ഇടപ്പെട്ടതോടെയുമാണ് പ്രശ്‌നം രമ്യതയിലായത്. ആരോഗ്യ വകുപ്പിന്റെ നിസ്സംഗതയാണ് ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ക്ക് കാരണമെന്ന് കണ്ണൂര്‍ ജില്ലാ ജനകീയ വേദി കണ്‍വീനര്‍ ഇ. മനീഷ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."