ദേശീയപാത 66 വീണ്ടും കുരുതിക്കളമാകുന്നു
മണ്ണഞ്ചേരി: വാഹനാപകടങ്ങളുടെ എണ്ണപ്പെരുപ്പം ദിനംപ്രതി കുതിക്കുമ്പോള്‍ ദേശീയപാത 66 വീണ്ടും കുരുതിക്കളമാകുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം ഈ പാതയില്‍ അപകടത്തില്‍ പൊലിഞ്ഞത് 12 ജീവനുകളാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ അനുഗ്രഹയില്‍ രാഗേഷ് (31) ആണ് അപകടമരണങ്ങളിലെ അവസാന ഇര.
നാനൂറിലേറെ അപകടങ്ങളാണ് 53 ദിവസങ്ങളില്‍ മാത്രം ജില്ലയില്‍ സംഭവിച്ചത്. ഇന്നലെ രാവിലെ തുമ്പോളിയില്‍ നിര്‍ത്തി ഇട്ടിരുന്ന ബസിന്റെ പിന്നല്‍ ലോറിയിടിച്ചു. ബസിലേക്ക് കയറികൊണ്ടിരുന്ന തുമ്പോളി സ്വദേശി വിശ്വംഭരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. ഇയാളെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ശത്രക്രിയയ്ക്ക് വിധേയനാക്കി. ഉച്ചയോടെ കണിച്ചുകുളങ്ങരയിലും വൈകിട്ട് പുന്നപ്രയിലും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ അപകടങ്ങളില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു.
ഇന്നലെ നാലുമണിയോട് കഞ്ഞിക്കുഴി ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്ന ഹോംഗാര്‍ഡ് അപകടത്തില്‍ പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം തിരിച്ചറിഞ്ഞ ഇയാള്‍ ഓടിമാറുകയായിരുന്നു. അമിത വേഗത്തില്‍ എത്തി നിയന്ത്രണം തെറ്റിയ കാര്‍ സമീപത്തെ ഡിവൈഡറില്‍ തട്ടി ഇവിടെ നില്‍ക്കുകയായിരുന്നു. ചേര്‍ത്തല പതിനൊന്നാം മൈലിനും ആലപ്പുഴ കൊമ്മാടിക്കും ഇടയിലാണ് ഇപ്പോള്‍ അപകടങ്ങള്‍ കൂടുതലും നടക്കുന്നത്.
ഈ ഭാഗത്ത് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അപകടത്തില്‍ മരണം സംഭവിച്ചത് 17 പേര്‍ക്കാണ്. കഞ്ഞിക്കുഴിയില്‍ പൊലിസ് ജീപ്പ് പിന്‍തുടര്‍ന്നുള്ള അപകടത്തില്‍ മരിച്ച വീട്ടമ്മയും ഇതില്‍പ്പെടും.ഈ അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ ഇതുവരെ സ്വയം നടക്കുവാന്‍ തുടങ്ങിയിട്ടില്ല. അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നവയിലേറെയും.
വാഹനപരിശോധന കൃത്യമല്ലാത്തതും അപകടകാരണമാകുന്നുണ്ട്.മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍ കൂടിവരുകയാണ്.കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളേജില്‍ വാഹനപരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചെത്തിയ നിരവധി ഡ്രൈവറന്‍മാര്‍ പിടിയിലായിരുന്നു. ഇതില്‍ മൂന്ന് ആമ്പുലന്‍സ് ഡ്രൈവറന്‍മാരും ഉള്‍പ്പെട്ടിരുന്നു.രാത്രികാലങ്ങളിലെ വാഹനപരിശോധന കുറഞ്ഞതാണ് നിലവിലെ അപകടപ്പെരുപ്പത്തിന് പ്രധാനകാരണം.റോഡില്‍ പുതിയതായി രൂപപ്പെട്ട കുഴികളും അപകടകാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."