ദേശീയ തലത്തില്‍ കൈക്കരുത്ത് കാട്ടാനൊരുങ്ങി മുഹമ്മദ് ഷഹീം
ആനക്കര: ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മലയാളി കൈക്കരുത്ത് കാട്ടാനൊരുങ്ങി കഠിന പരിശീലനത്തിലാണ് മേഴത്തുരിലെ മുഹമ്മദ് ഷഹീം. 2017 ലെ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് മേഴത്തൂര്‍ പുത്തന്‍വളപ്പില്‍ മുഹമ്മദ് ഷഹീമിന് ദേശീയ പഞ്ചഗുസ്തി മത്സരത്തിലേക്ക് വഴിയൊരുക്കിയത്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ 60 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്വര്‍ണ മെഡലും കരസ്ഥമാക്കിയാണ് ഈ പതിനെട്ടുകാരന്‍ കൈക്കരുത്ത് തെളിയിച്ചത്.
2015ല്‍ നടന്ന ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഷഹീം മത്സരങ്ങളെ ഗൗരവത്തിലെടുക്കുന്നത്. തുടര്‍ന്ന് കഠിന പരിശീലനത്തിലൂടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും നേടി.
മെയ് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനായി കഠിന പരിശീലനത്തിലാണ് ഈ യുവാവ്. ദേശീയതല പഞ്ചഗുസ്തി മത്സരത്തില്‍ വിജയിച്ച് യൂറോപ്പില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും ഇതിനായുള്ള പ്രത്യേക പരിശീലനം ആരംഭിക്കാനിരിക്കുകയാണെന്നും ഷഹീം പറഞ്ഞു.
മറ്റു കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്ന അത്രയും പരിഗണന പഞ്ചഗുസ്തി മത്സരങ്ങള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്നില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. അന്‍ഷാദ് വട്ടംകുളം, ആഷിക്ക് കൂട്ടക്കടവ് എന്നിവരാണ് മുഹമ്മദ് ഷഹീമിന്റെ പരിശീലകര്‍.
സ്‌കൂള്‍ പഠനകാലത്ത് കായിക മത്സരത്തില്‍ വിവിധ ഇനങ്ങളിലായി നിരവധി മെഡലുകളും ഷഹീം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പാലക്കാട് ജില്ലാതല ശരീര സൗന്ദര്യ മത്സരത്തില്‍ രണ്ടാം സ്ഥാനവും ഷഹീം നേടിയിരുന്നു.
പഠനവും പരിശീലനവും ഒരുമിച്ച് കൊണ്ടു പോവുന്ന ഷഹീം പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കുകയാണ്. മേഴത്തൂര്‍ പുത്തന്‍വളപ്പില്‍ മുസ്തഫയുടെയും റംലയുടെയും മകനാണ്. സഹോദരി ഷാബിയ തൃത്താല എം.ഇ.എസ് കോളജില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."