തരൂരിന്റെ പരാതിക്ക് പരിഹാരം: തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷകന്‍
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചു. ശശി തരൂരിന്റെ പരാതിയിലാണ് എഐസിസി നാനാ പഠോലെയെ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷകനായി നിയമിച്ചത്.
തിരുവനന്തപുരത്ത് പ്രചാരണം ശക്തമല്ലെന്നും സജീവമാക്കാന്‍ പാര്‍ട്ടി ഘടകം വേണ്ടത്ര സഹകരിക്കുന്നില്ലെന്നുമുള്ള ശശി തരൂരിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി.
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് എന്ത് വില കൊടുത്തും ശശി തരൂരിനെ മൂന്നാം വട്ടവും ജയിപ്പിക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശനനിര്‍ദേശം. വെള്ളിയാഴ്ച പാലായില്‍ നടന്ന അനൗദ്യോഗിക യോഗത്തിലും ഈ നിര്‍ദേശം തന്നെയാണ് എ.കെ ആന്റണി കെപിസിസിക്ക് നല്‍കിയത്.
ഇതനുസരിച്ച് ഇന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രചാരണം നടത്താന്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
ജില്ലാ നേതൃത്വമല്ല, കെപിസിസിയിലെ ഉന്നതര്‍ തന്നെയാണ് തിരുവനന്തപുരത്തെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനിടെയാണ് എഐസിസി നിരീക്ഷകനെ നിയോഗിച്ചത്.
ബിജെപിയില്‍ നിന്ന് വന്ന നേതാവായതിനാല്‍ ആ ക്യാംപിലെ തന്ത്രങ്ങളെന്താകാം എന്ന് മുന്‍കൂട്ടി കണക്കിലെടുത്ത് മറുതന്ത്രം മെനയാനാണ് പട്ടോളെയെ ഇവിടെ ഇറക്കിയയെത്രെ.
കെ.പി.സി.സി പ്രസിഡന്റ് തന്നെ പ്രചാരണത്തിലുള്ള അതൃപ്തി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തരൂരിന്റെ പ്രചാരണയോഗത്തില്‍ പങ്കെടുക്കാനിരിക്കെ തിരുവനന്തപുരത്തെ പ്രചാരണത്തെക്കുറിച്ച് തനിക്ക് പൂര്‍ണ തൃപ്തിയില്ലെന്നായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചത്. എന്നാല്‍ ബി.ജെ.പിക്ക് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് എല്‍.ഡി.എഫിന്റെ പ്രതികരണം. ഇതുവരേ തിരുവനന്തപുരത്തൊരു പ്രശ്‌നമുണ്ടെന്നു തന്നെ നേതാക്കള്‍ സമ്മതിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെ പ്രശ്‌നം മാധ്യമ സൃഷ്ടിയാണെന്നായിരുന്നു പ്രതികരിച്ചത്.
നാഗ്പൂരില്‍ നിന്ന് നേരത്തെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ ആളാണ് എ.ഐ.സി.സി നിയോഗിച്ച പട്ടോളെ. ഇദ്ദേഹം ഇത്തവണ നിതിന്‍ ഗഡ്കരിക്കെതിരെ മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."