ആലോചനാമൃതം തുടങ്ങാതെ ബാബുപോള്‍ പോയി
മലയാറ്റൂര്‍ രാമകൃഷ്ണനെ പോലെ സിവില്‍ സര്‍വീസ് മേഖലക്കപ്പുറം വിശാലമായ ഒരു ലോകം സ്വന്തമാക്കിയ പ്രതിഭാധനനായിരുന്നു ഡോക്ടര്‍ ഡി. ബാബുപോള്‍. സുപ്രഭാതം പത്രത്തിന്റെ തുടക്കത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. കത്തെഴുതി അറിയിച്ചിരുന്നു എന്നാണ് വിശ്വാസം. അദ്ദേഹത്തിന് കത്ത് കിട്ടിയില്ല എന്ന് ബോധ്യമായത് മാസങ്ങള്‍ കഴിഞ്ഞാണ്. കത്ത് കിട്ടിയിരുന്നെങ്കില്‍ കൃത്യമായി മറുപടി അയക്കുന്ന പതിവ് ഡോക്ടര്‍ ബാബുപോളിനുണ്ട്. തിരുവനന്തപുരത്തെ യൂണിറ്റ് മേധാവികളായ ഫൈസല്‍ കോങ്ങാട്, അന്‍സാര്‍ എന്നിവര്‍ പലപ്പോഴും ബന്ധപ്പെടുകയും സുപ്രഭാതത്തിന് എന്തെങ്കിലും എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ഒരു പത്രമുണ്ടോ. അത് സായാഹ്ന പത്രമാണോ എന്നൊക്കെ അദ്ദേഹം ചോദിച്ചുവത്രേ. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് കത്ത് കിട്ടിയില്ല എന്ന് എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ പരാമര്‍ശം എന്നെ വേദനിപ്പിക്കുകയും ചെയ്തു.
ഞാന്‍ ഫോണ്‍ ചെയ്തു. എന്റെ അഭ്യര്‍ത്ഥന മാനിച്ചാവും അദ്ദേഹം ലേഖനമെഴുതി. അത് പ്രസിദ്ധീകരിച്ചു വന്ന ദിവസം വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചു: ' ഈ ചതി എന്നോട് വേണ്ടായിരുന്നു'' എന്ന് പറഞ്ഞു. ലേഖനത്തില്‍ എന്തെങ്കിലും അബദ്ധം വന്നോ എന്നായി എന്റെ പേടി. അദ്ദേഹം പറഞ്ഞു: 'ഇന്ന് ഒരു സൈ്വര്യവും കിട്ടിയിട്ടില്ല എഴുതാനും വായിക്കാനും പോലും പറ്റിയില്ല രാവിലെ മുതല്‍ ഫോണ്‍ വിളിയുടെ ബഹളമായിരുന്നു. നിങ്ങളുടെ പത്രത്തിന് ഇത്ര വലിയ ജനപിന്തുണ ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു 'സുപ്രഭാതത്തില്‍ ലേഖനത്തോടൊപ്പം ഫോണ്‍ നമ്പര്‍ കൊടുക്കുന്ന പതിവുണ്ട്. ലേഖനം വായനക്കാരെ ആകര്‍ഷിച്ചു, അവരാവട്ടെ ബാബുപോളിനെ വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തു. അവ അദ്ദേഹത്തിന്റെ സമയം ഏറെ നശിപ്പിച്ചു എങ്കിലും പൂര്‍ണ അര്‍ത്ഥത്തില്‍ സുപ്രഭാതം തിരിച്ചറിയാനായി. അതില്‍ പിന്നെ ഇടക്കൊക്കെ അദ്ദേഹം ബന്ധപ്പെട്ടു. 'ആലോചനാമൃതം' എന്ന പേരില്‍ ഒരു പംക്തി തുടങ്ങാമെന്നും പറഞ്ഞിരുന്നു. ഓരോരോ തിരക്കുകള്‍ കൊണ്ട് പംക്തി തുടങ്ങാനായില്ല.
അദ്ദേഹവുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരിചയപ്പെടുത്തിയതാവട്ടെ അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല ബാബുപോള്‍. മഹിളാ ചന്ദ്രികക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയുമായി തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ വച്ച് സംസാരിച്ചിരുന്നു. പാചകം എഴുതിത്തുടങ്ങുന്നതിനെക്കുറിച്ച് പറയാനാണ് പോയതെങ്കിലും സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കഥ സംഭവബഹുലമാണെന്ന് ബോധ്യമാവുകയും അത് വായനക്കാരെ അറിയിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അവരെക്കുറിച്ച് എഴുതി. അതോടൊപ്പം പ്രസിദ്ധീകരിക്കുന്നതിന് അപൂര്‍വ്വമായ ചിത്രങ്ങളും ആല്‍ബത്തില്‍ നിന്നും മറ്റും എടുത്ത് തന്നു.
[caption id="attachment_722172" align="aligncenter" width="630"] ആലോചനാമൃതം എന്ന പേരില്‍ കോളം തുടങ്ങാമെന്നറിയിച്ച് ബാബുപോള്‍ സുപ്രഭാതത്തിലേക്ക് അയച്ച കത്ത്[/caption]
പ്രസിദ്ധീകരിച്ച ശേഷം എന്തോ അശ്രദ്ധ എന്ന് പറയട്ടെ ആ ചിത്രങ്ങളൊന്നും തിരിച്ചു കൊടുക്കാന്‍ പറ്റിയില്ല. അത് വലിയ പ്രയാസമുണ്ടാക്കി, പിന്നെ അദ്ദേഹത്തെ ബന്ധപ്പെടല്‍ അപൂര്‍വമായി. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചു തിരുവനന്തപുരത്ത് വരുമ്പോള്‍ കാണണം എന്ന് പറഞ്ഞു പ്രയാസമുണ്ടെങ്കിലും ഞാന്‍ കവടിയാറിലെ വീട്ടില്‍ പോയി. പക്ഷേ, ബാബു പോളോ ഭാര്യയോ എനിക്ക് തന്നെ അപൂര്‍വ ചിത്രങ്ങളെകുറിച്ച് ചോദിച്ചില്ല. മന:സാക്ഷിക്കുത്ത് മൂലം ഞാന്‍ പറഞ്ഞു: 'ഫോട്ടോസ് ഞാന്‍ എവിടെയോ മിസ്‌പ്ലൈസ് ചെയ്തു. എങ്ങനെയെങ്കിലും കണ്ടുപിടിക്കാം. ' രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ നിര്‍മ്മല ബാബുപോള്‍ മരണപ്പെട്ടു. അന്നും ഞാനവിടെ പോയി, നല്ല തിരക്ക് ഉണ്ടായെങ്കിലും ബാബുപോള്‍ എന്നോട് ചോദിച്ചു 'തിരുവനന്തപുരത്ത് ഉണ്ടായിരുന്നോ 'എന്ന്. ഇല്ല ഇതിനുവേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. അവരുടെ ചിത്രങ്ങള്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് നല്ല പ്രയാസം ഉണ്ടായി. ഇന്ന് അദ്ദേഹം മരിച്ചപ്പോള്‍ പോകാന്‍ പറ്റിയില്ല. നമ്മള്‍ തമാശയായി പറയാറില്ലേ, 'ഇനി പോയിട്ട് എന്ത് കാര്യം. അദ്ദേഹം കാണില്ലല്ലോ ' നിര്‍മ്മല ബാബുപോള്‍ മരിച്ച ശേഷവും രണ്ടോ മൂന്നോ ലക്കത്തില്‍ അവരുടെ പാചകക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പിന്നെ തിരുവനന്തപുരത്ത് അവരുടെ വസതിയില്‍ പോയിട്ടില്ല.
ബാബുപോളിനെ പലപ്പോഴും പല ചടങ്ങുകളിലും കണ്ടുമുട്ടും അപൂര്‍വമായി ചിലപ്പോള്‍ ഫോണില്‍ ബന്ധപ്പെടും. അഞ്ചാറുമാസം മുമ്പ് എന്തോ തിരഞ്ഞപ്പോള്‍ 20 കൊല്ലം മുമ്പ് കാണാതായ ബാബുപോള്‍ കുടുംബത്തിന്റെ ചിത്രങ്ങള്‍ എനിക്ക് കിട്ടി. ഞാന്‍ വിളിച്ച് അദ്ദേഹത്തോട് വിവരം പറയുകയും തിരുവനന്തപുരത്ത് വരുമ്പോള്‍ കൊണ്ടുവരാം എന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിനും സന്തോഷമായി. ഞാന്‍ തിരുവനന്തപുരത്ത് പോകാന്‍ കാത്തുനിന്നില്ല, കൊറിയര്‍ വഴി തിരുവനന്തപുരം ഓഫീസില്‍ എത്തിക്കുകയും അവിടെനിന്ന് ചിത്രങ്ങള്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്തു. ഏറെ സൗമ്യനും സ്‌നേഹസമ്പന്നനും ആയിരുന്നു ബാബുപോള്‍. സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞ് സിവില്‍ സര്‍വീസില്‍ എത്തുകയും സബ് കലക്ടറില്‍ നിന്ന് ചീഫ് സെക്രട്ടറി റാങ്ക് വരെ ഉയരുകയും ചെയ്തു അദ്ദേഹം.
അപ്രധാനമായ വകുപ്പുകളില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭ കണ്ടെത്തി അന്നു മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഇടുക്കി കലക്ടറാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ വലിയ നേട്ടമായി. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. എഴുത്തിലും പ്രസംഗത്തിലും എല്ലാം അദ്ദേഹത്തിന്റെതായ ഒരു ശൈലി നാം കണ്ടു. ഏറെ ഹൃദ്യവും ആകര്‍ഷകവുമായിരുന്നു അത്. സ്വന്തം കാഴ്ചപ്പാടുകളും വീക്ഷണങ്ങളും എവിടെയും തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. പക്ഷേ, ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണര്‍ ആയും അദ്ദേഹം സേവനം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി, ടൂറിസം സെക്രട്ടറി എന്നീ നിലകളിലൊക്കെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ സിവില്‍ എന്‍ജിനീയറിങ് ബിരുദം വലിയ ഗുണം ചെയ്തതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 38 ഓളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ഏറെ വായനാസുഖം ഉള്ളതാണ് പുസ്തകങ്ങളെല്ലാം. ഒറ്റയിരിപ്പില്‍ തന്നെ വായിച്ചുപോകുന്ന ശൈലി മധുരമുള്ളതാണ്.
എല്ലാവരിലും നന്മ കണ്ടെത്താനാണ് എന്നും ബാബുപോള്‍ ശ്രമിച്ചത്. ഒരുപാട് മുഖ്യമന്ത്രിമാരോട് ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. പ്രധാനമായും സി അച്യുതമേനോന്‍, കെ കരുണാകരന്‍, പി കെ വാസുദേവന്‍നായര്‍, സി എച്ച് മുഹമ്മദ് കോയ ,ഇ കെ നായനാര്‍ എന്നിവരോടെല്ലാം ഏറെ അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചൊക്കെ വാതോരാതെ പറയാനും എഴുതാനും അദ്ദേഹം ആവേശം കാണിച്ചിട്ടുണ്ട്. ഇവരെല്ലാം വ്യത്യസ്തമായ നിലകളില്‍ വളരെയേറെ കഴിവുള്ളവരായിരുന്നു. ഇ കെ നായനാരുടെ നര്‍മ്മബോധവും അച്യുതമേനോന്റെ ബുദ്ധിശക്തിയും സിഎച്ച് മുഹമ്മദ് കോയയുടെ സത്യസന്ധതയും കരുണാകരന്റെ ആജ്ഞാശക്തിയും എടുത്തുപറയേണ്ടതാണെന്ന് ബാബുപോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കെ ആര്‍ ഗൗരി, ടിവി തോമസ്, എംഎന്‍ ഗോവിന്ദന്‍ നായര്‍, കെഎം മാണി, പി എസ് ശ്രീനിവാസന്‍ തുടങ്ങിയവരുടെ കീഴിലാണ് ജോലി ചെയ്തത്. ഇവരെല്ലാവരും ഒന്നിനൊന്നു മികച്ച മന്ത്രിമാരായിരുന്നു. കെ കരുണാകരന്റെ ആശ്രിത വാത്സല്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഹെഡ്മാസ്റ്ററായിരുന്ന അച്ഛനോട് കരുണാകരന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്ക് വരുമ്പോള്‍ ഒരുപാട് രാത്രികളില്‍ കരുണാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലരും വീട്ടില്‍ അന്തിയുറങ്ങിയിട്ടുണ്ട്. കരുണാകരന് വേണ്ടി കട്ടില്‍ ഒഴിഞ്ഞു കൊടുക്കുകയും കുട്ടിയായിരുന്ന താന്‍ നിലത്ത് വിരിച്ച കിടക്കുകയും ചെയ്തിട്ടുണ്ട് .ഈ ഒരു വാത്സല്യം അദ്ദേഹം എന്നും കാണിച്ചിരുന്നു. ചീഫ് സെക്രട്ടറിയുമായി ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തെ മുട്ടുകുത്തിക്കാന്‍ എനിക്ക് കഴിഞ്ഞതും കരുണാകരന്റെ ശക്തമായ പിന്തുണ കൊണ്ടായിരുന്നുവെന്നും ബാബു പോള്‍ തുറന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."