തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ടത്
ഒരു രാജ്യത്തെ ഭരണം പട്ടാളം അട്ടിമറിക്കുന്നതിനെജനം തെരുവിലിറങ്ങി പരാജയപ്പെടുത്തുക എന്നത് അപൂര്‍വമാണ്. തുര്‍ക്കിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച അതാണ് സംഭവിച്ചത്. പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്റെ വാക്കുകള്‍ക്ക് തുര്‍ക്കി ജനത വെടിയുണ്ടയേക്കാള്‍ വിലകല്‍പ്പിച്ചു. വാക്കുകള്‍ക്ക് വെടിയുണ്ടകളെ തോല്‍പ്പിക്കാനാവുമെന്ന് ഉര്‍ദുഗാന്‍ ലോകത്തിനു കാണിച്ചു കൊടുക്കുന്ന സവിശേഷസംഭവമാണ് തുര്‍ക്കിയില്‍ നടന്നിരിക്കുന്നത്. സ്വന്തം ജനതയെ വിഘടിപ്പിച്ച് അധികാരംകൈയാളിക്കൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രനേതാക്കള്‍ക്കും ഇതില്‍ ഗുണപാഠമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ ഒരുപറ്റം സൈനികര്‍ സര്‍ക്കാരിനെതിരേ നടത്തിയ അട്ടിമറിശ്രമം നിരായുധരായ ജനം തെരുവിലിറങ്ങി പരാജയപ്പെടുത്തിയതു പോലുള്ള സംഭവങ്ങള്‍ ചരിത്രത്തില്‍ വിരളമായിരിക്കും. രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ രാജ്യത്തെ ഓരോപൗരനും ബാധ്യസ്ഥനാണെന്ന അവബോധം തന്റെ ജനതയില്‍ അങ്കുരിപ്പിക്കാന്‍ ഉര്‍ദുഗാന് കഴിഞ്ഞുവെന്നതാണ് പട്ടാള അട്ടിമറിയെ ജനം പരാജയപ്പെടുത്തിയതില്‍ നിന്നു മനസിലാക്കേണ്ടത്. അതേപോലെ താന്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ബോധവും അദ്ദേഹത്തിനു തന്റെ ജനതയ്ക്കു നല്‍കുവാന്‍ കഴിഞ്ഞു. തുര്‍ക്കി ജനതയ്ക്ക് ത്വയ്യിബ് ഉര്‍ദുഗാനിലുള്ള വിശ്വാസമാണ് അദ്ദേഹത്തിനു വേണ്ടി മരിക്കാന്‍ വരെ അവരെ പ്രേരിപ്പിച്ചത്. തലസ്ഥാനമായ അങ്കാറയിലും ഇസ്താംബൂളിലും ഇരച്ചുകയറിയ വിമതസൈന്യം സര്‍ക്കാരിന്റെ നിയന്ത്രണം കൈയടക്കിയതായിരുന്നു. ഇസ്താംബൂളിലെ അതാതുര്‍ക്ക് വിമാനത്താവളവും രാജ്യത്തെ പ്രധാന നഗരങ്ങളും വാര്‍ത്താവിനിമയ കേന്ദ്രങ്ങളും ദേശീയ ഇന്റലിജന്‍സ് ആസ്ഥാനവും വരെ വിമതസൈന്യം വരുതിയിലാക്കിയപ്പോള്‍ തുര്‍ക്കിയില്‍ പട്ടാളഭരണം 30 വര്‍ഷത്തിനു ശേഷം വീണ്ടുംവരികയാണെന്ന് ലോകം കരുതി.
ടാങ്കുകളും യുദ്ധവിമാനങ്ങളും തലസ്ഥാനമായ അങ്കാറയില്‍ യുദ്ധപ്രതീതി സൃഷ്ടിച്ചപ്പോള്‍ പാര്‍ലമെന്റ് മന്ദിരവും ദേശീയ ഇന്റലിജന്‍സ് ആസ്ഥാനവും നിഷ്പ്രയാസം കൈയടക്കാന്‍ വിമതസൈനികര്‍ക്ക് കഴിഞ്ഞു.
രാജ്യത്ത് പട്ടാള നിയമവും നിരോധനാജ്ഞയും നിലവില്‍ വന്നുവെന്ന് വിമതസൈനിക നേതൃത്വം അറിയിച്ചതോടെ രാജ്യം വീണ്ടുമൊരു പട്ടാള ഉരുക്കുമുഷ്ടിയില്‍ അമരുകയണെന്ന് ഉറപ്പായി. കഴിഞ്ഞ 50 വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ പലതവണ പട്ടാള അട്ടിമറി നടക്കുകയും പട്ടാളം ഭരണം കൈയാളുകയും ചെയ്തിട്ടുണ്ട്. 30 വര്‍ഷത്തിനുള്ളില്‍ അട്ടിമറികള്‍ നടക്കുകയോ വിജയിക്കുകയോ ഉണ്ടായില്ല; ശ്രമങ്ങള്‍ അണിയറകളില്‍ നടന്നുവെങ്കിലും. തുര്‍ക്കി ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനാധിപത്യ ബോധവും സഹിഷ്ണുതാ മനോഭാവവും തന്നെയാണ് ഉര്‍ദുഗാന്റെ ഇസ്‌ലാമിക ജനാധിപത്യ മുന്നണിയെ ജനങ്ങള്‍ക്കു പ്രിയങ്കരമാക്കിയത്.
അന്‍പത്തിരണ്ടിലധികം ശതമാനം ജനങ്ങളുടെ വിശ്വാസം നേടി ഭരണത്തില്‍ വന്ന ഉര്‍ദുഗാന്‍ ഇപ്പോള്‍ മുഴുവന്‍ ജനതയുടെയും വിശ്വാസമാണ് നേടിയിരിക്കുന്നത്. ഐ.എസ് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും അഭയാര്‍ഥികളായെത്തിയവരെ ദയാപുരസ്സരം സ്വീകരിക്കുകയും അവരോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഭരണാധികാരികൂടിയാണ് ഉര്‍ദുഗാന്‍. ലോകം സാമ്പത്തികമാന്ദ്യത്തില്‍ വീര്‍പ്പുമുട്ടിയപ്പോള്‍ തുര്‍ക്കിയെ ആ പ്രയാസത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്തിയതും ഉര്‍ദുഗാന്റെ ഭരണസാമര്‍ഥ്യമായിരുന്നു. തന്റെ ജനതയെ മുഴുവന്‍ ഒന്നായിക്കാണുവാനും അവര്‍ക്ക് തുല്യനീതിയും അവസരസമത്വവും ഉറപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ശിരസാവഹിച്ചു മരണംവരിക്കാന്‍ ജനത തെരുവിലിറങ്ങിയത്.
സൈനിക നീക്കത്തിനിടയില്‍ നടന്ന സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലുമായി 265ലധികം പേര്‍ കൊല്ലപ്പെടുകയും 1440 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടും ജനം പിന്തിരിഞ്ഞില്ല. തുര്‍ക്കിയുടെ ജനാധിപത്യത്തെയും ജനങ്ങളുടെ പരമാധികാരത്തെയും കാത്തുസൂക്ഷിക്കാന്‍ പട്ടാള അട്ടിമറി പരാജയപ്പെടുത്തുക, ജനങ്ങളുടെ തോക്ക് ജനങ്ങള്‍ക്കു നേരെ തിരിച്ച പട്ടാളത്തിനെതിരേ പോരാടുക എന്നീ ഉര്‍ദുഗാന്റെ ആഹ്വാനങ്ങള്‍ ചെവിക്കൊണ്ട ജനത ഒറ്റക്കെട്ടായി ആയുധങ്ങളില്ലാതെ കവചിത ടാങ്കറുകളില്‍ വന്ന വിമതസൈന്യത്തെ നിര്‍ഭയം നേരിട്ട് പരാജയപ്പെടുത്തുകയായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് ഉര്‍ദുഗാന്‍ ജനങ്ങളോട് പോരാടുവന്‍ പറഞ്ഞത്. താന്‍ അവരോടൊപ്പമുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ നടപടിയിലൂടെ അദ്ദേഹം.
ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മാതൃകയുണ്ട് ത്വയ്യിബ് ഉര്‍ദുഗാനില്‍. എവിടെയെങ്കിലും സ്‌ഫോടനങ്ങളോ വെടിവയ്‌പോ ഉണ്ടായാല്‍ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ മുന്‍വിധിയോടെ ഹിന്ദുത്വ തീവ്രവാദികള്‍ കുറ്റപ്പെടുത്തുമ്പോള്‍ നിശ്ശബ്ദം അതിനു പിന്തുണ നല്‍കുന്ന സര്‍ക്കാരിന് ഒരിക്കലും മുഴുവന്‍ ജനതയുടെയും വിശ്വാസ്യത നേടിയെടുക്കാനാവില്ല. കുറേയാളുകള്‍ അപ്രത്യക്ഷരാകുമ്പോഴേക്കും നിജസ്ഥിതിയറിയാതെ മാധ്യമങ്ങളും ഹിന്ദുത്വ തീവ്രവാദികളും അന്തിച്ചര്‍ച്ചകളില്‍ മൊത്തം മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കും വിധം നടത്തുന്ന വാചക കസര്‍ത്തുകള്‍ ഭരണകൂടം നിശ്ശബ്ദം കേട്ടിരിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.
സാക്ഷിമഹാരാജ്, സ്വാധി പ്രാചി എന്നീ ബി.ജെ.പി എം.പിമാര്‍ നിരന്തരം മുസ്‌ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍ നിന്നു വര്‍ഗീയവിഷം വമിക്കുന്ന വാക്കുകളും പ്രവര്‍ത്തനങ്ങളും വന്നുകൊണ്ടിരിക്കുമ്പോള്‍ ഭരണകൂടം നിശ്ശബ്ദം കേട്ടിരിക്കുന്നത് ഛിദ്രശക്തികള്‍ക്കുള്ള പ്രോത്സാഹനമാണ്. കശ്മീരില്‍ തീവ്രവാദത്തിന്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മുഴുവന്‍ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരുഭരണകൂടത്തിനും മുഴുവന്‍ ജനങ്ങളുടെയും വിശ്വാസ്യത നേടിയെടുക്കാനാവില്ല. സാക്കിര്‍ നായിക്കിനെതിരേ ഒരു തെളിവുമില്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിട്ടും ആ പണ്ഡിതന്റെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട സന്യാസിനി എന്നു പറയുന്ന സ്ത്രീക്കെതിരേ ഒരു താക്കീത് സ്വരംപോലും നല്‍കാത്ത സര്‍ക്കാരിനെ ആര് വിശ്വാസത്തിലെടുക്കും? ഒരു ഭരണകൂടം അവരുടെ ജനതയെ എങ്ങനെ കാണണമെന്നും ഒരു ജനത അവരുടെ ഭരണകൂടത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നും തുര്‍ക്കിയില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ടിയിരിക്കുന്നു. മുഴുവന്‍ ജനതയുടെയും വിശ്വാസമാര്‍ജിക്കാന്‍ കഴിയാത്ത ഒരു ഭരണകൂടത്തിനും ഏറെനാള്‍ വാഴാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."