ബഹ്‌റൈന്‍ പ്രതിപക്ഷത്തെ കോടതി പിരിച്ചുവിട്ടു
മനാമ: ബഹ്‌റൈനില്‍ പ്രധാന ശിഈ പ്രതിപക്ഷ വിഭാഗത്തെ കോടതി പിരിച്ചുവിട്ടു. അല്‍ വഖഫ് എന്ന ഗ്രൂപ്പിനെയാണ് ഇന്നലെ കോടതി പിരിച്ചുവിട്ടത്. രാജ്യത്ത് തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സുന്നി വിഭാഗം ഭരണത്തിലിരിക്കുന്ന ബഹ്്‌റൈനില്‍ ശിഈ വിഭാഗത്തിനാണ് ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ളത്. 2011ല്‍ അല്‍ വഖഫ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പ്രക്ഷോഭം നടത്തിയതുമുതല്‍ പ്രതിപക്ഷത്തിനെതിരേ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു.
ബഹ്‌റൈന്‍ നീതിന്യായ മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം അല്‍ വഖഫിന്റെ പ്രവര്‍ത്തനം അടിയന്തര കോടതി തടഞ്ഞിരുന്നു. അല്‍ വഖഫ് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ആഭ്യന്തര കാര്യങ്ങളില്‍ വിദേശഇടപെടലിന് വഴിയൊരുക്കുന്നുവെന്നും ബഹ്്‌റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) പറഞ്ഞു. രാജ്യത്തെ നിയമത്തെ മാനിക്കാത്ത പാര്‍ട്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ആരോപിച്ചു. സംഘടനയുടെ ഫണ്ട് സര്‍ക്കാര്‍ ട്രഷറിയില്‍ ലയിപ്പിക്കുമെന്നും ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലത്തെ കോടതിവിധിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അല്‍ വഖഫിന്റെ അഭിഭാഷകര്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ രേഖകള്‍ കോടതി സ്വീകരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ബഹ്്‌റൈനിലെ മുതിര്‍ന്ന ശിഈ പണ്ഡിതന്‍ 79 കാരനായ ആയത്തുല്ല ഇസ ഖാസിമിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അല്‍ വഖഫിനെതിരേയുള്ള നടപടി. നിയമവിരുദ്ധ ഫണ്ട് സ്വീകരിക്കുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആയിരുന്നു ആയത്തുല്ല ഇസ ഖാസിമിനെതിരേയുള്ള പരാതി. അല്‍ വഖഫിന്റെ ആത്മീയ നേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പൗരത്വവും കഴിഞ്ഞ മാസം ബഹ്്‌റൈന്‍ റദ്ദാക്കിയിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഖാസിമിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ മേയില്‍ അല്‍ വഖഫ് രാഷ്ട്രീയ നേതാവ് ഷെയ്ഖ് അലി സല്‍മാനെ ഒന്‍പതു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ബഹ്്‌റൈനിലെ സ്ഥിതിഗതികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."