കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: 17 വരെ കനത്ത മഴക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
മഴയത്ത് പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ വൈകരുതെന്നും നിര്‍ദേശമുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലും കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ നാശനഷ്ടങ്ങള്‍ക്കൊപ്പം വൈദ്യുതി മുടക്കവും ജനങ്ങള്‍ക്ക് ദുരിതമായി. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തൂണുകളും ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."