ട്രാബ്‌സോണില്‍ അനന്തുവിന്റെ ചിറകടി; ലോക സ്‌കൂള്‍ മീറ്റില്‍ ഇന്ത്യക്ക് 12 മെഡലുകള്‍
ട്രാബ്‌സോണ്‍ (തുര്‍ക്കി): ലോക സ്‌കൂള്‍ കായിക മേളയ്ക്ക് തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ കൊടിയിറങ്ങിയപ്പോള്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകള്‍. മലയാളി കായിക താരങ്ങളുടെ മികവിലാണ് ഇന്ത്യ മെഡല്‍ നേട്ടം കൊയ്തത്. മേളയുടെ സമാപന ദിനമായ ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ ഹൈജംപില്‍ മലയാളി താരം കെ.എസ് അനന്തു ഇന്ത്യക്കായി വെങ്കലം നേടി. ഇതേയിനത്തില്‍ ഇന്ത്യയുടെ തന്നെ ഷാനവാസ് ഖാനും വെങ്കലം ലഭിച്ചു. ക്രോസ് ബാറിന് മീതേ 1.96 മീറ്റര്‍ ഉയരം താണ്ടിയാണ് അനന്തുവും ഷാനവാസ് ഖാനും വെങ്കലം നേടിയത്. കോഴിക്കോട്ട് ജനുവരിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ 2.08 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അനന്തുവിന് പഴയ പ്രകടനം ആവര്‍ത്തിക്കാനായില്ല. 1.99 മീറ്റര്‍ ഉയരം കീഴടക്കിയ തുര്‍ക്കി താരത്തിനാണ് സ്വര്‍ണം. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അന്തന്തു. ഈ സ്‌കൂളിലെ കായിക അധ്യാപകനായ നെല്‍സനാണ് പരിശീലകന്‍. സ്വര്‍ണം നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് മത്സര ശേഷം ടെലഫോണില്‍ ബന്ധപ്പെട്ട അനന്തു പറഞ്ഞതായി നെല്‍സണ്‍ മാഷ് സുപ്രഭാതത്തോട് പറഞ്ഞു. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ തമിഴ്‌നാട് താരം എസ് പ്രിയദര്‍ശിനി ഇന്ത്യക്കായി വെള്ളി നേടി. തന്റെ അവസാന ശ്രമത്തില്‍ 12.66 മീറ്റര്‍ താണ്ടിയാണ് പ്രിയദര്‍ശിനി രാജ്യത്തിന്റെ അഭിമാനമായത്. ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ കര്‍ണാടക താരം എസ് ലോകേഷ് വെള്ളി നേടി.
രണ്ട് ശ്രമങ്ങള്‍ ഫൗളായ ലോകേഷ് മൂന്നാം ശ്രമത്തില്‍ 7.30 മീറ്റര്‍ താണ്ടി. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും 2000 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ഹിരെയ് സിദ്ദി, ലൂയിസ് റൊസാലിന്‍, എല്‍ സംയശ്രീ, സാന്‍സിറ്റ ഷിന്‍ഡെ എന്നിവരടങ്ങിയ പെണ്‍കുട്ടികളുടെ ടീം 5:16.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. സി അജിത്കുമാര്‍, അക്ഷയ്കുമാര്‍, ശ്രീകാന്ത് ധനവന്ത്, മലയാളി താരം അഭിഷേക് മാത്യു എന്നിവരടങ്ങിയ ടീം 4:31.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഇന്ത്യക്കായി വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."