ഞാന്‍
കൂകി വിളിച്ചു പായുന്നത് തീവണ്ടികളല്ല.
ഒരു കൂട്ടം മനുഷ്യരാണ്.
എറയത്തെ രണ്ടാമത്തെ പെണ്ണിന് വയറ്റിലുണ്ടത്രേ..
അതാണ് കാര്യം.
ഒരു പെണ്ണിന് വയറ്റിലുണ്ടാവുന്നത് അത്ഭുതമുള്ള കാര്യമല്ല.
പക്ഷേ, ഈ പെണ്ണ് കെട്ടിയിട്ടില്ല എന്നതാണ് തീവണ്ടികളിങ്ങനെ കൂകിപ്പായാന്‍ കാരണം.
'പത്താള് കൂടുന്നിടത്ത് പെണ്ണ് തല താഴ്ത്തിയേ നടക്കൂ.'
'എനിക്കതാണ്'
'ഇപ്പഴല്ലേ പൂച്ച് പുറത്തായത്'
തീവണ്ടിയുടെ എഞ്ചിന്‍ ത്രേസ്യാക്കുട്ടി കൂക്കി വിളിച്ചു കൊണ്ടോടി.
'അവളെ കണ്ടാലേ അറിയാം പിഴയാണെന്ന്.
അല്ലെങ്കിലും മിണ്ടാപ്പൂച്ച കലമുടക്കും.'
പിറകേ പായുന്ന ബോഗികള്‍ ഉച്ചത്തിലലറി ശബ്ദമുണ്ടാക്കി.
ഞാനൊന്നും പറഞ്ഞില്ല.
എനിക്കവളെ ഒന്ന് കാണണമെന്ന് തോന്നി.
വയറ്റിലുളള പെണ്ണിനെ കാണാന്‍ പോവുമ്പോ മധുരം കരുതണമെന്നാണ്.
അങ്ങനെ നോക്കുമ്പോള്‍....,
ദാ... കിടക്കുന്നു പേരമരത്തിന്റെ ചുവട്ടിലൊരു പേരക്ക.
വെയിലേറ്റ് വാടി വീണതാണ്.
എന്നാലും എടുത്ത് കടിച്ചു നോക്കി.
മധുരമുണ്ട്..
അതും കൊണ്ട് അവളുടെ വീടിന്റെ പടിക്കലെത്തി.
വീട് നിറച്ചാളുകള്‍..
വയറ്റിലുള്ള പെണ്ണിനെ കാണാന്‍ വന്നവരാവുമെന്നാണ് ആദ്യം കരുതിയത്..
അല്ല..,
പെണ്ണ് തൂങ്ങിയത്രേ..
തൂങ്ങി എന്നാല്‍ തൂങ്ങി മരിച്ചു എന്നര്‍ഥം.
എന്നാലും മരിക്കണ്ടായിരുന്നു.
എനിക്ക് തോന്നി.
പേരക്ക ഞാന്‍ തന്നെ തിന്നു.
ഇപ്പോഴും മധുരം തന്നെ.
മരണവീടിന്റെ മൂകതയൊന്നും അവിടെ കണ്ടില്ല.
എല്ലാവരും ഉല്‍സാഹത്തിലാണ്.
തീവണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞ് നടക്കുന്നുണ്ടിപ്പോഴും.
ആള് കയറാനില്ലാതെ തന്നെ പല സ്റ്റേഷനുകളിലും അത് പിടിച്ചിട്ടു.
എഞ്ചിനപ്പോഴും മുരണ്ടു.
'മൂന്ന് മാസം..
അല്ല,
നാല് മാസം..
ഇന്നാട്ടുകാരനല്ല.
ആള് കൊടുങ്ങല്ലൂര്‍കാരനാണ് പോലും.
കൂടെപ്പഠിച്ചവനൊന്നുമല്ല.
എവിടുന്നോ എങ്ങനെയോ .....'
'അല്ലെങ്കിലും അവള്‍ടെ തള്ളക്കിത്തിരി നെഗളിപ്പ് കൂടുതലാ..
അത് നിന്നു.'
'ശ്ശ്...
പതുക്കെ ...
മരണവീടാ..
മറ്റുള്ളവര്‍ കേള്‍ക്കും.'
സ്റ്റേഷനില്‍ നിന്ന് അറിയിപ്പ് വന്നു.
എന്നിട്ടും പല തീവണ്ടികളും പുക തുപ്പിക്കൊണ്ടിരുന്നു.
ഇതിനിടയിലെപ്പോഴോ ആരോ നാസയെ വെല്ലുന്നൊരു കണ്ടുപിടുത്തം കൂടി നടത്തി.
പെണ്ണിന്റെ കഴുത്തിലൊരു നൂല് കെട്ടിയിട്ടുണ്ട്.
അതിലൊരു താലിയും.
'ഇതൊക്കെ എപ്പോ സംഭവിച്ചു എന്നാ ...
വെറുതെയല്ല, അവള്‍ക്ക് ആളെ കാണുമ്പോഴൊരു വിമ്മിഷ്ടം.
എന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ.'
സുഗുണന്‍.
'ഇന്നലെ ആശുപത്രീടെ പരിസരത്തൊക്കെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. സംഗതി ഇതാണെന്ന് നമ്മളറിയില്ലല്ലോ ..'
ലീലാമ്മച്ചേടത്തി.
'കലക്കാന്‍ പറ്റുമോ നോക്കാന്‍ പോയതാവും.'
എഴുപത് കഴിഞ്ഞ ഒരു വല്യമ്മച്ചി.
തെറ്റ് ചെയ്താലും ഇല്ലെങ്കിലും
വയറ്റിലുള്ള പെണ്ണ് ചാവുമ്പോള്‍ പിള്ള കൂടെ ചാവണം.
അതാണ് നിയമം.
ആ നിയമം മാറ്റിയെഴുതാന്‍ ഇന്ന് വരെ ആരെക്കൊണ്ടും കഴിഞ്ഞിട്ടില്ല.
മുറ്റത്ത് പൊലിസ് ജീപ്പ് വന്ന് നിന്നപ്പോള്‍ എല്ലാ തീവണ്ടികളും ഒരുമിച്ച് എഞ്ചിനോഫാക്കി.
ആരൊക്കെയോ ചേര്‍ന്ന് അവളെ താഴെയിറക്കി കിടത്തി.
തുറിച്ച കണ്ണിലൂടെ അവള്‍ കാഴ്ചകള്‍ കാണുന്നു.
ഒരു കാക്കിധാരിണി അവളുടെ ദേഹപരിശോധന നടത്തുന്നുണ്ട്.
തുടുത്ത് നിന്ന അവളുടെ മുലക്കണ്ണ് നനഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
അതൊരു പക്ഷേ ആ കുഞ്ഞിന്റെ കണ്ണുനീരായിരിക്കാം.
ഞാന്‍ തിരിച്ചിറങ്ങി.
റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കുമ്പോഴുണ്ട് പിന്നില്‍ നിന്നൊരു വിളി.
'കരുണേട്ടാ..'
അവളാണ്.
'എന്നെ തനിച്ചാക്കി പോവാണോ.?'
'ഞാനന്നേ പറഞ്ഞതല്ലേ വേണ്ടാന്ന്.
എന്ത് വന്നാലും എന്റെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ടിപ്പോ എന്താ ഒന്നും മിണ്ടാതെ പോവുന്നത്..? '
'ഞാന്‍ മരിച്ചാല്‍ പിന്നെ ജീവിക്കില്ല എന്ന് പറഞ്ഞതല്ലേ..
വാ...
നമുക്ക് പോവാം.
മരിച്ചവരുടെ ലോകത്ത് ആരും നമ്മളെ തടയില്ല.
അവിടെ നമുക്കൊരുമിച്ച് കഴിയാം.'
ഞാന്‍ വേഗം നടന്നു.
അവള്‍ പിറകെയുണ്ട്.
നടത്തം ക്രമേണ ഓട്ടമായി.
ഒരു വിധം അവളുടെ കണ്ണില്‍ നിന്ന് മറഞ്ഞു.
ചെന്ന് നിന്നത് വാസന്തിയുടെ വീടിന് മുന്നില്‍.
നിറഞ്ഞ ചിരിയോടെ വാസന്തി.
'അച്ഛനും അമ്മയും കല്യാണത്തിന് പോയിട്ട് തിരിച്ചു വന്നോ മോളെ .?'
'ഇല്ല.
അവര്‍ വൈകിട്ടേ എത്തൂ..
ചേട്ടന്‍ പോയിട്ട് പിന്നെ വാ..'
'വേണ്ട..
എനിക്ക് സംസാരിക്കണം നിന്നോട്.'
'എന്ത്?'
'എന്തൊക്കെയോ ...
ഒരുപാടൊരുപാട് സംസാരിക്കണം.'
'ചേട്ടന് വട്ടാണ്.'
'അതെ'
'വട്ടാണ്.
എനിക്ക് നിന്റെ കണ്ണിലെ സ്വപ്നങ്ങളുടെ തിരയെണ്ണണം.
ഒരുപാട് നേരം നിന്നോട് ചേര്‍ന്നിരിക്കണം.'
'വേണ്ടാ..
എനിക്ക് പേടിയാ..
അതൊക്കെ നമ്മുടെ കെട്ട് കഴിഞ്ഞിട്ട് മതി.'
'എന്നെ വിശ്വസിക്ക്.
എന്ത് വന്നാലും ഞാനില്ലേ..
ജീവിക്കാനായാലും മരിക്കാനായാലും ഞാനുണ്ട് കൂടെ.
ഒരിക്കലും തനിച്ചാക്കില്ല ഞാന്‍.'
അറബിക്കടലിനെ തഴുകി വന്ന പടിഞ്ഞാറന്‍ കാറ്റപ്പോള്‍ ഒരു കള്ളച്ചിരിയോടെ വാതിലടച്ചു കളഞ്ഞു.
കറങ്ങിക്കൊണ്ടിരുന്നു ഫാന്‍ ഒരു നിമിഷം നിന്ന് തന്റെ കൊളുത്തിന്റെ ബലം പരിശോധിച്ച് വീണ്ടും കറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."