തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടി
തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോറത്തിലെ രണ്ടാമത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടി. ഇതോടെ ഇവിടെ റിസര്‍വേഷന്‍ ഒരു കൗണ്ടര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
ഇന്നലെ മുതലാണ് കൗണ്ടര്‍ അടച്ച് പൂട്ടിയത്. ഇതുമൂലം യാത്രക്കാരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലുമണി വരെ പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍ കൗണ്ടറാണ് ഇന്നലെ മുതല്‍ അടച്ചുപൂട്ടിയത്. നിലവില്‍ ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വടകരക്ക് സ്ഥലം മാറ്റുകയും ചെയ്തു. രാവിലെ എട്ടുമണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും രണ്ട് മണി മുതല്‍ രാത്രി എട്ടുമണി വരെയും മാത്രമാകും ഇനി ഒന്നാം കൗണ്ടറിന്റെ പ്രവര്‍ത്തനം. യാത്രക്കാരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണമെന്ന മുറവിളിക്കിടെയാണ് ഇന്നലെ ഒരു കൗണ്ടര്‍ പൂട്ടിയത.് കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നായി നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന എ ക്ലാസ് റെയില്‍വേ സ്റ്റേഷനായ തലശ്ശേരിയോട് റെയില്‍വേ അധികൃതര്‍ കാട്ടിയ അവഗണനക്കെതിരേ പ്രതിഷേധം ഉയരുകയാണ്. യാത്രക്കാരുടെ ബാഹുല്യം മൂലം തലശ്ശേരിയില്‍ മൂന്ന് റിസര്‍വേഷന്‍ കൗണ്ടറെങ്കിലും ആവശ്യമുണ്ട്. പാലക്കാട് ഡിവിഷന് ഓഫിസില്‍ അധികമുള്ള ജീവനക്കാരെ മാറ്റി നിയമിച്ചാല്‍ ഇവിടുത്തെ അടച്ചുപൂട്ടിയ കൗണ്ടര്‍ തുറക്കാന്‍ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."