നാല് ഇസ്റാഈല്‍ സൈനികര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേറ്റു
ഗസ്സ: ഇസ്റഈല്‍ സൈന്യം ഗസ്സയിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. 2014ന് ശേഷം ഗസ്സയിലേക്ക് ഇസ്റാഈല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ആമിര്‍ അല്‍ നിമ്ര (15), ലോയ് കഹീല്‍(16) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറഞ്ഞു. പടിഞ്ഞാറന്‍ ഗസ്സയിലെ അല്‍ കുതൈബ ലക്ഷ്യമാക്കി ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഇവര്‍ക്ക് പരുക്കേറ്റിരുന്നു.
ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഈജിപ്തിന്റെ മധ്യസ്ഥയിലുള്ള യോഗത്തില്‍ ഇസ്റാഈലുമായി വെടിനിര്‍ത്തലിന് ധാരണയായെന്ന് ഹമാസ് ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇന്നലെ രാവിലെ മുതല്‍ ഇസ്റാഈലിന്റെയും ഹമാസിന്റെയും ഇടയില്‍ വ്യോമാക്രമണമുണ്ടായി. ഹമാസ് ആക്രമണത്തില്‍ നാല് ഇസ്റാഈല്‍ സൈനികര്‍ക്ക് പരുക്കേറ്റു. 24 മണിക്കൂറിനിടെ 90 മോര്‍ട്ടര്‍, റോക്കറ്റാക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്റാഈല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ തീവ്രവാദത്തിനെതിരേ ശക്തമായി തിരിച്ചടുക്കുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധ മന്ത്രി, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാര് എന്നിവര്‍ക്കിടിയില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ പരിശീലന കേന്ദ്രങ്ങളിലും ആയുധങ്ങള്‍ സൂക്ഷിച്ച കെട്ടിടങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈല്‍ സൈന്യം പറഞ്ഞു. വ്യോമാക്രമണത്തില്‍ തെക്കന്‍ ഗസ്സയിലും വടക്കന്‍ ഗസ്സയിലുമായി രണ്ട് ഹമാസ് തുരങ്കങ്ങള്‍ തകര്‍ന്നു.
ഗസ്സ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ 15 കാരന് കൊല്ലപ്പെട്ടതോടെയാണ് ഹമാസ് -ഇസ്റാഈല്‍ ബന്ധത്തില്‍ വിള്ളല്‍വീണത്. മാര്‍ച്ച് 30 മുതല്‍ ഗസ്സ അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഇതുവരെ 138 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 160,000 പേര്‍ക്ക് പരുക്കേറ്റു. 1948ല്‍ ഇസ്റാഈല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ തിരിച്ചുതരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."