രേഖകളില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി
ജിദ്ദ: മതിയായ രേഖകളില്ലാതെ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന പ്രവാസികള്‍ക്കും സഊദി പൗരന്‍മാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമപരമായ അനുമതിയില്ലാതെ ഹജ്ജിനെത്തി പിടിക്കപ്പെടുന്ന പ്രവാസികളെ തിരിച്ചയക്കുമെന്നും സഊദി അറേബ്യയില്‍ അവര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രേഖകളില്ലാതെ ഹജ്ജിനെത്തുന്നവരെ പുറത്താക്കുന്നതിന് പുറമെ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്നും മന്ത്രാലയം പറഞ്ഞു. രേഖകളില്ലാതെ ഹജ്ജിനെത്തുന്ന സഊദി പൗരന്‍മാര്‍ക്കുള്ള ശിക്ഷ പിഴയോ ജയില്‍ ശിക്ഷയോ ഇവ രണ്ടും കൂടിയോ ആയിരിക്കും
അതേ സമയം അംഗീകാരമില്ലാതെ ഹജ്ജിനെത്തുന്നത് തടയാന്‍ മക്കയിലെ വിവിധ ചെക്‌പോയന്റുകളില്‍ പരിശോധന ശക്തമാക്കി. മക്കയിലെ താമസരേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാത്ത ഒരാളെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.
മക്കയിലേക്കുള്ള ആറ് പ്രവേശക കവാടങ്ങളിലും പൊതുസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കനത്ത പരിശോധനയാണ് നടത്തുന്നത്. ജിദ്ദ, മക്ക എക്‌സ്പ്രസ് വേ, ഹറമൈന്‍ അതിവേഗ പാത, ത്വാഇഫില്‍ നിന്നുള്ള അല്‍ഹാദ, സേല്‍ കബീര്‍ തുടങ്ങിയ റോഡുകളിലെ ചെക്ക് പോയിന്റുകള്‍ വഴി അംഗീകൃത രേഖകളുള്ളവരെ മാത്രമേ മക്കയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഹജ്ജ് അനുമതി പത്രമോ, മക്കയില്‍ ഇഷ്യു ചെയ്ത താമസ രേഖയോ കൈവശമുണ്ടാകണം.
രേഖകളില്ലാതെയും വിശുദ്ധ സ്ഥലങ്ങളില്‍ ശരിയായ ക്രമീകരണങ്ങളില്ലാതെയും തങ്ങുന്നതും തടയാന്‍ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രേഖകളില്ലാതെ എത്തിയ തീര്‍ഥാടകരില്‍ അധികവും സഊദിയിലുള്ള പ്രവാസികളായിരുന്നു. മതിയായ രേഖകളുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഇത്തരത്തില്‍ എത്തുന്ന അനധികൃത ഹാജിമാര്‍ തടസമാവുന്നു എന്നതാണ് നടപടികള്‍ കര്‍ശനമാക്കാന്‍ കാരണം. അനധികൃത തീര്‍ഥാടകര്‍ വഴികളില്‍ സ്ഥാപിക്കുന്ന ടെന്റുകള്‍ തീര്‍ഥാടകരുടെ സുഗമമായ പോക്കുവരവിന് തടസമാവാറുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി ഹജ്ജ് ചെയ്യുന്നതിനെതിരെ ജിദ്ദയിലും മറ്റ് നഗരങ്ങളിലും വലിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഭരണകൂടത്തിന്റെ ഈ ക്രമീകരണങ്ങളെ പ്രവാസി സമൂഹവും പണ്ഡിതന്‍മാരും സ്വാഗതം ചെയ്തിട്ടുണ്ട്. മതിയായ രേഖകളില്ലാതെ ആരും ഹജ്ജിന് പുറപ്പെടരുതെന്ന് വിവിധ മലയാളി പ്രവാസി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."