വെള്ളക്കെട്ടും കുഴികളും: പുത്തലത്ത് അപകടം തുടര്‍ക്കഥയാകുന്നു
അരീക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ വെള്ളവും ചളിയും നിറഞ്ഞ കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. അരീക്കോട് പുത്തലം കൈപ്പക്കുളം ഭാഗത്ത് വെള്ളക്കെട്ട് മൂലം യാത്ര ദുരിതമായിരിക്കുകയാണ്. ഇരുവശങ്ങളിലും നടപ്പാത പോലുമില്ലാത്ത സംസ്ഥാന പാതയായതിനാല്‍ കാല്‍നടയാത്രക്കാര്‍ വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വരുന്നത്.
വേനല്‍ക്കാലമായാല്‍ റോഡിലെ കുഴികള്‍ അടച്ച് താല്‍ക്കാലിക പരിഹാരം കാണലാണ് പതിവ്. ഇരുഭാഗത്തും അഴുക്കുചാല്‍ സംവിധാനം രൂപപ്പെടുത്തിയാല്‍ റോഡിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. അഴുക്കുചാല്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത പറമ്പുകളില്‍ നിന്നുള്ള വെള്ളമെല്ലാം റോഡിലേക്കൊഴുകി കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ടിന് പുറമെ റോഡിലെ വലിയ കുഴികള്‍ സ്ഥിരം അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.
കഴിഞ്ഞ ദിവസം രാത്രി നാല് ബൈക്ക് യാത്രികര്‍ക്കാണ് റോഡില്‍ വീണ് പരുക്കേറ്റത്. വെള്ളം നിറഞ്ഞുനില്ക്കുന്നതിനാല് റോഡിലെ കുഴികള്‍ കാണുന്നില്ല. ഇതോടെ പരിചയമില്ലാത്ത ആളുകളെല്ലാം വാഹനവുമായി അപകടത്തില്‍പ്പെടുകയാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും റോഡിന്റെ വിഷയത്തില്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്ന് പുത്തലം നിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."