വേനല്‍ കനക്കുന്നു; കിയോസ്‌കുകളില്‍ വെള്ളം ലഭിക്കുമോ?
സുനു ചന്ദ്രന്‍ ആലത്തൂര്‍
ആലത്തൂര്‍: വരള്‍ച്ച രൂക്ഷമായ ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ജലകിയോസ്‌കുകളില്‍ വെള്ളം ലഭിക്കുമോ എന്ന ചോദ്യവുമായി ജനങ്ങള്‍. വേനല്‍ വറുതിയില്‍ ജില്ലയുടെ നാട്ടിന്‍പുറങ്ങളില്‍ പോലും കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷമായിട്ടും ഒരു തുള്ളി ജലം കിട്ടിയില്ല. വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് വാട്ടര്‍കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചത്.
ജില്ലയില്‍ 600 കിയോസ്‌കുകള്‍ സ്ഥാപിക്കാനിയുന്നു തീരുമാനം .ഇതില്‍ 582 എണ്ണം സ്ഥാപിച്ചു. ഒറ്റപ്പെട്ട മഴ തുടങ്ങിയിട്ടും ഇതാണ് സ്ഥിതി. മണ്ണാര്‍ക്കാട്-192, ചിറ്റൂര്‍-157, ആലത്തൂര്‍-147, പട്ടാമ്പി-60, പാലക്കാട്-29, ഒറ്റപ്പാലം-15 എണ്ണം വീതം വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. ആവശ്യമായ ടാങ്കുകള്‍ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് സര്‍ക്കാര്‍ നേരിട്ടെത്തിക്കുകയായിരുന്നു. ടാപ്പ് ഘടിപ്പിച്ച് ഇരുമ്പ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന ചുമതല ജില്ലാ നിര്‍മിതി കേന്ദ്രയ്ക്കാണ്. ഒരു കിയോസ്‌കിന് 25,000 രൂപയാണ് ഈ ഇനത്തില്‍ ചെലവ്. മൊത്തം മൂന്നുകോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം കുടിവെള്ള വിതരണത്തിന് ജില്ലാ ഭരണകൂടം വകയിരുത്തിയത്. വെള്ളം ടാങ്കറില്‍ എത്തിച്ച് കിയോസ്‌കുകളില്‍ നിറയ്ക്കുന്നതിന് കിലോമീറ്ററിന് 80 രൂപ നിരക്കിലാണ് സ്വകാര്യ കരാറുകാരെ എല്‍പ്പിച്ചിരിക്കുന്നത്. ചിറ്റൂര്‍ താലൂക്കില്‍ മാത്രം കിലോമീറ്ററിന് 36 രൂപയ്ക്കാണ് കരാര്‍. ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ജലവിതരണം തുടങ്ങണമെന്ന പ്രമേയം അംഗീകരിക്കണമെന്ന സാങ്കേതികത്വ ത്തിന്റെ പേരിലാണ് പലയിടത്തും വെള്ളം നിറച്ച് തുടങ്ങാത്തത്.
ചിറ്റൂര്‍ താലൂക്കിലെ പല പ്രദേശത്തും കിയോസ്‌കിന് പകരം പഴയ രീതിയില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ടാങ്കറില്‍ വെള്ളം വിതരണം ചെയ്യുന്നത് പൂര്‍ണമായി നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചത്. പല താലൂക്കുകളിലും ഇതിന്റെ നടപടി തുടങ്ങിയിട്ടില്ല. ജില്ലയിലെ ആറ് താലൂക്കുകളില്‍ ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് വാട്ടര്‍ കിയോസ്‌ക് വഴി വെള്ളം നിറച്ച് വിതരണം ചെയ്തത്. ചിറ്റൂരിലെ എരുത്തേമ്പതിയിലും വടകരപ്പതിയിലും മണ്ണാര്‍ക്കാട് താലൂക്കിലെ കുന്നില്‍ച്ചാള, കൊട്ടമേട് ഊരുകളിലും വാട്ടര്‍ കിയോസ്‌ക് മുഖേനയുള്ള കുടിവെള്ള വിതരണം തുടരുന്നുണ്ട്. ഇപ്പോള്‍ ഇതില്‍ വെള്ളം നിറച്ച് നല്‍കിയില്ലെങ്കില്‍ ഇതുകൊണ്ട് എന്താണ് ഗുണമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ സ്റ്റാന്‍ഡുകളും അതിനു മുകളില്‍ ജലസംഭരണിയും സ്ഥാപിച്ച് വെള്ളം നിറച്ചുവയ്ക്കുന്നതാണ് പദ്ധതി.
കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഒരു വാര്‍ഡില്‍ രണ്ടു സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പലയിടത്തും കിയോസ്‌കിന്റെ സ്റ്റാന്‍ഡും ടാങ്കും എത്തിയിട്ടുണ്ടെങ്കിലും കുടിവെള്ളം എത്തിയിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിലെ പലയിടത്തും സന്നദ്ധ സംഘടനകളും രാഷ്ട്രീയ കക്ഷികളും സൗജന്യ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചിരുന്നതിന് പകരമാണ് കഴിഞ്ഞ തവണ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
പലയിടത്തും വഴിയോരത്ത് സ്ഥാപിച്ച കിയോസ്‌കുകള്‍ സ്റ്റാന്‍ഡില്‍നിന്ന് വീണും ചുറ്റും കാട് പിടിച്ച് കിടക്കുന്ന സ്ഥിതിയുമുണ്ട്. കൂടാതെ പലതും മഴയും വെയിലുമേറ്റ് ബലമില്ലാത്ത അവസ്ഥയിലായി. ഇനിയിത് നന്നാക്കിയെടുക്കാന്‍ വീണ്ടും തുക ചെലവാക്കേണ്ടി വരും. ഉപയോഗശൂന്യമായ കിയോസ്‌കുകള്‍ നന്നാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം നിറച്ചു നല്‍കേണ്ടത് അതത് പഞ്ചായത്തുകളാണ്. അതിന് ഫണ്ട് ചെലവാക്കാനുള്ള അനുമതിയുമായിട്ടുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ രണ്ടു കോടി രൂപയോളം ചെലവാക്കി. നന്നാക്കിയെടുക്കാന്‍ എത്രയാകുമെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."