നേന്ത്രവാഴകള്‍ ഉണക്കുഭീഷണിയില്‍
പട്ടാമ്പി: പരുതൂര്‍ കൂട്ടക്കടവ് ഭാഗത്തെ നേന്ത്രവാഴകള്‍ ഉണക്കുഭീഷണിയില്‍. 30,000 നേന്ത്രവാഴകള്‍ക്കാണ് ഉണക്കം ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 10 ഏക്കര്‍ പച്ചക്കറികൃഷിയും ഉണങ്ങി. ഓണക്കാലത്തെ മധുരമുള്ള നാടന്‍ നേന്ത്രപ്പഴത്തിന് പേരുകേട്ട സ്ഥലമാണ് പരുതൂര്‍. വാഴക്കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷപോലുമില്ല. നെല്‍ക്കൃഷിയിറക്കാന്‍ പറ്റാത്ത സ്ഥലത്താണ് വാഴക്കൃഷി. 40ഓളം കര്‍ഷകരാണ് വാഴക്കൃഷി ചെയ്യുന്നത്. മലമ്പുഴഡാം തുറന്നുവിട്ടതോടെ കൂട്ടക്കടവ് ജലസേചനപദ്ധതിയില്‍ പമ്പുചെയ്യാന്‍ ഇപ്പോള്‍ ഇഷ്ടംപോലെ വെള്ളമുണ്ട്. എന്നാല്‍, ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ മാര്‍ച്ച് 29 മുതല്‍ കുടിവെള്ളത്തിന് മാത്രമായി പമ്പിങ് നിജപ്പെടുത്തിയിരിക്കയാണ്.
അതുകൊണ്ടുതന്നെ കൂട്ടക്കടവ് ജലസേചനപദ്ധതിയുടെ സ്രോതസായ ഭാരതപ്പുഴയില്‍ വെള്ളമുണ്ടെങ്കിലും വെള്ളം പമ്പുചെയ്ത് ജലസേചനം നടത്താനാവില്ല. അതെ സമയം മലമ്പുഴഡാം തുറന്നുവിട്ടതോടെ ഭാരതപ്പുഴയില്‍ ജലസമൃദ്ധിയുണ്ട്. വെള്ളിയാങ്കല്ല് റഗുലേറ്റര്‍വഴി കൂട്ടക്കടവ് ഭാഗത്തേക്ക് വെള്ളം എത്തിയിട്ടുമുണ്ട്. പരുതൂര്‍ പഞ്ചായത്തിലുള്ള സമഗ്ര ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ ഉറവിടം തൂതപ്പുഴയാണ്.
ഈ സാഹചര്യത്തിലാണ് ഭാരതപ്പുഴയിലെ കൂട്ടക്കടവ് പദ്ധതിയുടെ ഭാഗത്തുള്ള പാഴായിക്കിടക്കുന്ന ജലം വാഴക്കൃഷി ജലസേചനത്തിന് പ്രയോജനപ്പെടുത്തണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ടുവെക്കുന്നത്.
കര്‍ഷകര്‍ കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. മോണിറ്ററിങ് കമ്മിറ്റി ശുപാര്‍ശവഴി പാഴായിക്കിടക്കുന്ന ജലം നേന്ത്രവാഴ ക്കൃഷിയും പച്ചക്കറിക്കൃഷിയും രക്ഷിക്കാന്‍ പമ്പുചെയ്ത് നല്‍കണമെന്നാണ് കൂട്ടക്കടവ് പാടശേഖരസമിതി സെക്രട്ടറി കെ. അച്യുതന്‍കുട്ടി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."