ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് താണിച്ചോടില്‍ വീട് തകര്‍ന്നു
മുക്കാലി : സൈലന്റ് വാലി റോഡില്‍ താണിച്ചോടില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള പൂര്‍ണമായും തകര്‍ന്നു. താണിച്ചോടില്‍ പലച്ചരക്ക് കച്ചവടം നടത്തുന്ന കൊള്ളിപറമ്പില്‍ അബ്ബാസിന്റെ വീടാണ് പൊട്ടിത്തെറിയില്‍ തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയ വീട്ടുകാരും ഓടിയെത്തിയ നാട്ടുകാരുമാണ് തീയണച്ചത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. കിടപ്പുമുറി അടുക്കള ഭാഗത്ത് നിന്ന് ദൂരത്തായതിനാലും രാത്രി സമയമായതിനാലുമാണ് വലിയ ദുരന്തം ഒഴിവായത്. അടുക്കള ഭാഗത്തുണ്ടായിരുന്ന ഗ്രില്ലുകളും ജനലുകളുമെല്ലാം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
മൂന്ന് റൂമുകളും സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. അടുക്കളയിലെ സ്ലാബ് പൂര്‍ണമായും മെയിന്‍ റൂഫ് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഭിത്തികള്‍ വിണ്ടുകീറി വീട് തന്നെ അപകടാവസ്ഥയിലാണ്. പാത്രങ്ങളും ഫര്‍ണ്ണിച്ചറുകളും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വേനല്‍ ചൂട് കൊണ്ടാവാം പൊട്ടിത്തെറിയെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുന്‍പ് അഗളിയില്‍ തട്ടുകട നടത്തുന്ന കുഞ്ഞിപ്പയുടെ കടയിലും സമാന സംഭവമുണ്ടായെങ്കിലും അവസരോചിത ഇടപെടല്‍മൂലമാണ് വലിയ ദുരന്തം ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."