സാധാരണക്കാര്‍ പൊലിസിനെ ഭയപ്പാടോടെ കാണുന്നു: സ്പീക്കര്‍
തിരുവനന്തപുരം: പൊലിസിനെ കടന്നാക്രമിച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സാധാരണക്കാര്‍ക്ക് പൊലിസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പൊലിസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. ഈ രീതിയില്‍ മാറ്റം വരണം.
പൊലിസിനെ ജന സേവന പരമാക്കുന്ന നിയമനിര്‍മാണം നടന്നിട്ടുണ്ട്, എന്നാല്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷവും അത് യാഥാര്‍ഥ്യമായോയെന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് ആകുന്നില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. നിയമനിര്‍മാണ സഭ ലക്ഷ്യംനിറവേറ്റിയോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തിലേക്ക് എത്തിയോ എന്ന് പരിശോധിക്കണം. പൊതു സമൂഹത്തിന് ജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭ. വികസനത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിച്ചെങ്കിലും നഷ്ടപ്പെട്ട അവസരങ്ങള്‍ വിസ്മരിച്ചു കൂടാ. വികസന കാര്യങ്ങളില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ പൊതു സമവായം ഉണ്ടാക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാത തുടങ്ങിയ വിവിധ വികസന പ്രശ്‌നങ്ങളില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ സമവായത്തിന്റെ സാധ്യത ആരായണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."