ലൈറ്റ് ഹൗസ് നവീകരണം അവസാന ഘട്ടത്തില്‍
കോഴിക്കോട്: കോഴിക്കോടിന്റെ തുറമുഖ പാരമ്പര്യം പേറുന്ന ലൈറ്റ് ഹൗസിന്റെ നവീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍.
നൂറുവര്‍ഷത്തില്‍ പരം പഴക്കമുള്ള പഴയ ലൈറ്റ് ഹൗസിന്റെ ചുറ്റിലും പച്ചപ്പുല്ലുകള്‍ പിടിപ്പിച്ച് മനോഹരമാക്കുന്ന പ്രവൃത്തിയും അതിനു ചുറ്റുമുള്ള മതിലിന്റെ ചായം പൂശുന്ന ജോലികളും മാത്രമാണ് ഇനി ബാക്കിയുള്ളത്. കടപ്പുറം നവീകരണത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ലൈറ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം നടത്തുന്നത്. വരുന്ന ഓഗസ്റ്റ് വരെയാണ് പണി പൂര്‍ത്തീകരിക്കാനുള്ള സമയം. എന്നാല്‍ അടുത്തമാസത്തോടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ലയണ്‍സ് പാര്‍ക്ക് മുതല്‍ ലൈറ്റ് ഹൗസ് വരെ ടൈല്‍ വിരിക്കുന്ന പണിയും ഇതോടൊപ്പം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സഞ്ചാരികളെ കൂടുതലായി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമൂഹം, സംസ്‌കാരം, കായികം, യുവത്വം എന്നിങ്ങനെ നാലായി വിഭജിച്ചാണ് നവീകരണം നടക്കുന്നത്. ഇതില്‍ സാംസ്‌കാരിക മേഖലയിലെ നവീകരണമാണ് മുന്നേറുന്നത്. ബീച്ചില്‍ നേരത്തെ നഗരസഭ തുടങ്ങിയ ഹെല്‍ത്ത് ക്ലബ് നിന്നിടത്ത് ലൈബ്രറിയും തൊട്ടടുത്ത് കമ്മ്യൂണിറ്റി ഹാളും ശുചിമുറി കെട്ടിടവുമാണ് പണിയുന്നത്. മൊത്തം 2.50 കോടി രൂപ ചെലവാക്കിയാണ് നിര്‍മാണം. മൂന്നു വേദികള്‍ക്കൊപ്പം ലൈബ്രറി ഹാളും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും കമ്മ്യൂണിറ്റി ഹാളും പണിയും. നാലു കോടി ചെലവിലാണ് ബീച്ച് ലയണ്‍സ് പാര്‍ക്കിനും ഓപണ്‍ സ്റ്റേജിനുമിടയില്‍ സാംസ്‌കാരിക ഇടം ഒരുക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള ലൈറ്റ് ഹൗസ് നോക്കാന്‍ ആളില്ലാതെ ചുറ്റും കാടുപിടിച്ചു കിടന്നിരുന്നു. ബീച്ചിലെത്തുന്ന സാമൂഹിക വിരുദ്ധരുടെ താവളമായും രാത്രികാലങ്ങളില്‍ ലൈറ്റ് ഹൗസ് പരിസരം മാറിയിരുന്നു. വിളക്കുമരത്തിന്റെ ബാല്‍ക്കണിക്ക് മുകളില്‍ മരങ്ങളുടെ വേരുകളിറങ്ങി സോളാര്‍ പാനലും ലൈറ്റ് ഹൗസിന്റെ പഴയ കെട്ടിടവും ഇളകിപ്പോകുന്ന അവസ്ഥയെ തുടര്‍ന്നാണ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. 1847 ലാണ് 33 മീറ്റര്‍ ഉയരത്തില്‍ കോഴിക്കോട്ടെ വിളക്കുമാടം പണിതത്.
കടല്‍ സഞ്ചാരികള്‍ക്ക് വെളിച്ചമേകിയ വിളക്കുമാടം ഇനിമുതല്‍ വിനോദ സഞ്ചാരത്തിനായിരിക്കും വെളിച്ചമേകുക എന്നാണ് പ്രതീക്ഷിക്കുന്നത്. കടപ്പുറത്തിന്റെ നവീകരണത്തോടെ ജില്ലയിലേക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."