ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവും അവ ക്ഷമയോടെ നേരിടണമെന്നു ശൈഖ് അബ്ദുല്ല
മക്ക: പരിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയില്‍ നില്‍ക്കല്‍ ചടങ്ങ് തുടങ്ങി.
എല്ലാ വിധ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രത്യേക ബസുകളിലാണ് എല്ലാവരും അറഫയിലെത്തിയത്. ഉന്നത പണ്ഡിതസഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അല്‍മനീഅ് നമിറ പള്ളിയില്‍ അറഫ ഖുതുബ നിര്‍വഹിച്ചു. ഐഹിക ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവാമെന്നും ക്ഷമയോടെ അതിനെ നേരിടണമെന്നും അല്ലാഹുവിന്റെ അനുഗ്രഹം വിശാലമാണെന്നും ഖുതുബയില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.
ഏറ്റവും നല്ല ജീവിതം നയിക്കാന്‍ വിപത്തുകളും സാമ്പത്തിക പ്രശ്‌നങ്ങളും നേരിടാനാണ് ദൈവിക നിര്‍ദേശമുള്ളത്. തൊഴിലും ബിസിനസും ഉല്‍പാദനവുമെല്ലാം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ വഞ്ചനയും ചൂഷണവും പലിശയും മായം ചേര്‍ക്കലും അനുവദനീയമല്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. 110000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള നമിറ പള്ളിയില്‍ സാമൂഹിക അകലം പാലിച്ച് ഹാജിമാര്‍ ഖുതുബ ശ്രവിച്ചു. ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നിസ്‌കരിച്ചു. ഹാജിമാരില്‍ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
അതേ സമയം ഹജ്ജ് കര്‍മം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച അര്‍ധരാത്രിയോടെ മിനായിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. തീര്‍ഥാടകര്‍ ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനു പോകാന്‍ തയാറെടുക്കുമ്പോഴാണ് കടുത്ത ചൂടിന് ശമനമായി മഴ വര്‍ഷിച്ചത്.
ഇടിമിന്നലോടെ ശക്തമായ മഴ പെയ്തുവെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അറഫയിലും മക്കയുടെ പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."