പ്രതികളുടെ ലിസ്റ്റുമായി പാര്‍ട്ടികള്‍
കണ്ണൂര്‍: നാലു പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തിലെ മുഖ്യകാരണങ്ങളിലൊന്നായ വ്യാജ പ്രതികളെ വീണ്ടും രാഷ്ട്രിയപാര്‍ട്ടികള്‍ രംഗത്തിറക്കുന്നു. പയ്യന്നൂര്‍ ഇരട്ടക്കൊലപാതക കേസില്‍ പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റു പ്രകാരമാണ് പ്രതി പട്ടിക തയാറാക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സി. പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ 25 വയസില്‍ താഴെയുള്ള യുവാക്കളെയാണ് പ്രതികളായി അറസ്റ്റു ചെയ്തത്.
ഇവര്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന കാര്യം ഇതുവരെ തെളിയിക്കാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് അറസ്റ്റ് നടന്നതെന്ന ആരോപണം ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ഇരു പാര്‍ട്ടി നേതാക്കളും പരാതി ഉന്നയിച്ചിട്ടില്ല. പൊലിസ് അന്വേഷണം നിഷ്പക്ഷമായി നടക്കുന്നുണ്ടെന്ന നിലപാടിലാണ് ഭരണകക്ഷിയായ സി. പി.എം.
ധനരാജിനെ കൊന്നത് ആര്‍.എസ്.എസിന്റെ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന ആരോപണവുമായി പാര്‍ട്ടി മുന്നോട്ടുവന്നെങ്കിലും പിന്നീട് പിന്‍വലിയുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എട്ടിക്കുളം കക്കംപാറയിലെ കല്ലറവളപ്പില്‍ പ്രജിത്ത് ലാല്‍(21), മാട്ടൂക്കാരന്‍ വൈശാഖ്(21), എട്ടിക്കുളം മൊട്ടക്കുന്നിലെ കുനിചീര വീട്ടില്‍ അനൂപ് (21), ചിറ്റടിയിലെ സി സുകേഷ്(24) എന്നിവരെയാണ് പൊലിസ് അറസറ്റു ചെയ്തിട്ടുള്ളത്. കേസില്‍ നാലു യുവാക്കളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലൊരാളുടെ മാതാവ് ഇന്നലെ ആത്മഹത്യക്കു ശ്രമിച്ചത് വിവാദമായിട്ടുണ്ട്.
ധനരാജ് വധത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ മൗനസമ്മതത്തോടെയാണ് യുവാക്കളെ അറസ്റ്റു ചെയ്തതെന്നാണ് ആരോപണം. കസ്റ്റഡിയിലുള്ള നാലുപേരും കേസുമായി കാര്യമായി ബന്ധമില്ലാത്തവരാണെന്ന പ്രചാരണം ശക്തമാണ്. പ്രൊഫഷണല്‍ കൊലയാളികളെ സംരക്ഷിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ ബലിയാടാക്കുന്ന പതിവു രീതിയാണ് പയ്യന്നൂരില്‍ നടക്കുന്നതെന്നു വ്യക്തമായിട്ടും പൊലിസിനും ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ല.
ധനരാജിന്റെ കൊലപാതകത്തിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞു നടന്ന ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിലും ഭരിക്കുന്ന പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് അറസ്റ്റിനു സാധ്യത.
കൊല നടത്തിയവരെ ഒഴിവാക്കി പരോക്ഷ ബന്ധമുള്ളവരെയും നിരപരാധികളെയും പ്രതികളാക്കുകയെന്ന പാനൂരിലെ പതിവു രീതി തന്നെയാണ് പയ്യന്നൂരിലും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യത.
രാമചന്ദ്രന്‍ വധക്കേസില്‍ പ്രതികളായവരുടെ അറസ്റ്റു നീളുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ മുഴുവന്‍ കണ്ടെടുത്ത ശേഷം അറസ്റ്റു രേഖപ്പെടുത്താമെന്നാണ് പൊലിസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."