ആത്മ നിർവൃതിയിൽ തീർത്ഥാടകർ; മനമുരുകി നാഥനിലേക്കലിഞ്ഞു അറഫ സംഗമത്തിനു പരിസമാപ്‌തി
മക്ക: ആഗോള സാഹോദര്യത്തിന്റെ വിളബരവുമായി തീർത്ഥാടകർ അറഫാത്തിൽ സമ്മേളിച്ചു. ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയെന്ന പരീക്ഷണത്തിൽ നിന്നും പാഠമുൾക്കൊണ്ട് ദൈവീക മാർഗ്ഗത്തിൽ ജീവിതം അർപ്പിക്കണമെന്ന സന്ദേശമോതികൊണ്ടാണ് തീർത്ഥാടകർ അറഫാത്തിൽ സമ്മേളിച്ചത്. വർണ്ണ, ഭാഷാ, പ്രദേശ, അറബി, അനറബി വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഏറ്റവും വലിയ സന്ദേശം നൽകിയാണ് അറഫ സംഗമം സമാപിച്ചത്. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി മിനായിൽ തങ്ങിയ ഹാജിമാർ വ്യാഴാഴ്ച്ച രാവിലെ തന്നെ അറഫാത്തിൽ എത്തിച്ചേർന്നിരുന്നു. ഉച്ചയോടെ ഹാജിമാരെല്ലാം അറഫാത്തിൽ എത്തിച്ചേർന്ന് അറഫാത്ത് നഗരി ആഗോള സംഗമത്തിന് സജ്ജമായി.
ദുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്‌ജിദിൽ സഊദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേശകരിൽ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അൽ മനീഅ് ചരിത്ര പ്രസംഗത്തെ അനുസ്മരിച്ച് അറഫ ഖുതുബ നിർവ്വഹിച്ചു. ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമെന്നും ക്ഷമയോടെ അതിനെയെല്ലാം നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം അറഫ ഖുതുബയിൽ ഓർമ്മിപ്പിച്ചു.
ദൈവീക അനുഗ്രഹം അതി വിശാലമാണ്. തൊഴിലും ബിസിനസും ഉല്‍പാദനവുമെല്ലാം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ വഞ്ചനയും ചൂഷണവും പലിശയും മായം ചേര്‍ക്കലും അനുവദനീയമല്ല. ജീവിതത്തിൽ സൂക്ഷമത കൊണ്ട് നടക്കൽ ഏവരുടെയും കടമയാണ് അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിശ്വാസികൾ ജീവിതം ക്രമപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അറഫാത്തിലെ മസ്ജിദുന്നമിറയിൽ നടത്തിയ പ്രഭാഷണം തത്സമയം ലോകത്തെ പ്രധാന പത്ത് ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിരുന്നു. 110000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള നമിറ പള്ളിയില്‍ സാമൂഹിക അകലം പാലിച്ചാണ് ഹാജിമാർ ഖുതുബ ശ്രവിക്കാനും നിസ്‌കാരങ്ങൾക്കും സജ്ജമായത്. ഖുതുബക്ക് ശേഷം ദുഹ്ർ, അസര്‍ നിസ്കാരങ്ങൾ ജംഅ് ആക്കി നിസ്‌കരിച്ചു ഇവിടെ പ്രാർത്ഥന നിരതരായി കഴിഞ്ഞു കൂടി. തുടർന്ന് വൈകീട്ട് സൂര്യാസ്തമനത്തോടെ അറഫാത്തിൽ നിന്ന് മുസ്‌ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ നിന്നും കല്ലേറ് കർമ്മങ്ങൾക്ക് ആവശ്യമായ കല്ലുകൾ ശേഖരിക്കും. പ്രതീകാത്മക പിശാചിന്റെ സ്‌തൂപങ്ങളിൽ എറിയുന്നതിനായി അണുവിമുക്തമാക്കിയ പ്രത്യേകം കല്ലുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ച പുലർച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാർ പിശാചിന്റെ സ്‌തൂപങ്ങളിലെ ജംറതുൽ അഖബയിൽ ആദ്യ ദിന കല്ലേറ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്‌തു പ്രത്യേക ഇഹ്‌റാം വസ്ത്രത്തിൽ നിന്നും മോചിതരാക്കും. തുടർന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് തന്നെ നീങ്ങും. പിന്നീട് ഹാജിമാർ വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്ന് മിനായിൽ രാപാർക്കുകയും അയ്യാമുത്തശ്‍രീഖിന്റെ മൂന്നു ദിവസങ്ങളിൽ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പൂർണ്ണ പരിസമാപ്‌തിയാകും.
ഹജ്ജ് തീര്‍ഥാടകര്‍ ജംറയില്‍ കല്ലേറ് നടത്തുന്ന ആദ്യ ദിവസമായ വെള്ളിയാഴ്ച്ചയാണ് സഊദിയില്‍ ബലിപെരുന്നാള്‍ ആഘോഷം. അതേസമയം, മുഴുവൻ തീര്ഥാടകരുടെയും ആരോഗ്യ നിലയിൽ സംതൃപ്‌തരാണെന്നും കൊവിഡ് വൈറസ് ബാധ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."