മണി പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പ്പിക്കുന്ന പരാമര്‍ശം നടത്തി: കോടിയേരി
തിരുവനന്തപുരം: മന്ത്രി എം.എം മണി പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തിയതിനാലാണ് പരസ്യശാസന നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നേര്‍വഴി എന്ന പംക്തിയില്‍ കോടിയേരി എഴുതിയ ലേഖനത്തിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
പൊമ്പിളൈ ഒരുമൈ സമരത്തെ അവഹേളിച്ചില്ലെന്ന് മണി വിശദമാക്കിയിരുന്നു. തന്റെ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പ്രസംഗത്തിന്റെപേരില്‍ ഹര്‍ത്താല്‍ നടത്തിയതും ഇപ്പോള്‍ പൊമ്പിളൈ ഒരുമൈയുടെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏകോദരസഹോദരങ്ങളെപ്പോലെ മൂന്നാറില്‍ സത്യഗ്രഹം നടത്തുന്നതും രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അതുപോലെ നിയമസഭ സ്തംഭിപ്പിക്കുന്ന സമരമുറകള്‍ നടത്തുന്നത്, ഒരുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാകുന്നത് തടയാനാണ്. ഈ വിഷയം പാര്‍ടി സംസ്ഥാന കമ്മിറ്റി പരിശോധിക്കുകയും മണിയുടെ വിശദീകരണം കേള്‍ക്കുകയും ചെയ്തു. നാനാവശവും യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം.എം മണിയെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്നും കോടിയേരി 'മൂന്നാര്‍ സത്യാനന്തരം' എന്ന ലേഖനത്തില്‍ പറഞ്ഞു.
ഒഴിപ്പിക്കല്‍ നടപടിയില്‍ ഉദ്യോഗസ്ഥര്‍ ജെ.സി.ബി ഉപയോഗിച്ച് കുരിശ് തകര്‍ത്ത നടപടി ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു. അതിനെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത് ഉചിതമായി. അല്ലെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ശത്രുചേരിക്ക് വര്‍ഗീയ രാഷ്ട്രീയ ആയുധമാകുമായിരുന്നു ആ വിഷയമെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."