ഇല്‍ഹാന്‍ ഉമറിനെതിരേയുള്ള ട്രംപിന്റെ പരാമര്‍ശത്തില്‍ വന്‍വിമര്‍ശനം
വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഉമറിനെതിരേയുള്ള ട്രംപിന്റെ പരാമര്‍ശത്തിനെതിരേ വന്‍വിമര്‍ശനം. മുസ്‌ലിം സംഘടനകള്‍ നടത്തിയ പരിപാടിയില്‍വച്ചുള്ള ഇല്‍ഹാനിന്റെ പ്രസംഗത്തിന് താഴെ നമ്മള്‍ ഒരിക്കലും മറക്കില്ലെന്ന ഭീഷണിപ്പെടുത്തിയുള്ള ട്രംപിന്റെ ട്വീറ്റാണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. സെപ്റ്റംബര്‍ 11 സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രസംഗ ഭാഗം അടര്‍ത്തിയെടുത്താണ് ട്രംപ് ഉപയോഗിച്ചത്.
അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍(ഖൈര്‍) മാര്‍ച്ച് 23ന് നടത്തിയ പരിപാടിയിലാണ് ഇല്‍ഹാന്‍ ഈ പ്രസംഗം നടത്തിയത്. ന്യൂസിലന്‍ഡിലെ ആക്രമണവും ഇസ്‌ലാമോഫോബിയ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് 20 മിനിറ്റുള്ള പ്രസംഗത്തില്‍ ഇല്‍ഹാന്‍ സംസാരിച്ചത്. സെപ്റ്റംബര്‍ 11നുള്ള ചിലയാളുകളുടെ പ്രവൃത്തികളാല്‍ യു.എസിലുള്ള മുഴുവന്‍ മുസ്‌ലിംകളുടെയും പൊതുസ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെടുകയാണെന്നാണ് ഇല്‍ഹാന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിലെ ഒരു ഭാഗം മാത്രമാണ് ട്രംപ് ഉപയോഗിച്ചത്.
ട്രംപ് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും ഇല്‍ഹാനിന്റെ ജീവന് ഭീഷണി സൃഷ്ടിക്കുകായണെന്ന് ആരോപിച്ച് നിരവധി സെനറ്റ് അംഗങ്ങള്‍, പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ രംഗത്തെത്തി. രണ്ട് വര്‍ഷത്തോളമായി വിദ്വേഷം പ്രചരിപ്പിക്കാനായാണ് ട്രംപ് തന്റെ പ്രസിഡന്റ് പദവി ഉപയോഗിക്കുന്നതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് പറഞ്ഞു. ഇല്‍ഹാനിനൊപ്പം എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ് ടാഗുകള്‍ ലോക വ്യാപകമായി തരംഗമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."