'രാജി വെച്ച് പുറത്തു പോകൂ..ക്രൈം മിനിസ്റ്റര്‍ ഗോ ഹോം'- നെതന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ പ്രതിഷേധം കത്തുന്നു
ജറൂസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ പ്രതിഷേധം കനക്കുന്നു.
'അഴിമതിയില്‍ മുങ്ങിയ രാജിവെച്ച് പുറത്തുപോകൂ'എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. 'ക്രൈം മിനിസ്റ്റര്‍ ഗോ ഹോം , ബിബി ഗോ ഹോം' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ നീങ്ങിയത്. കലാപ വിരുദ്ധ സേന പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ നോക്കിയെങ്കിലും ആളുകള്‍ പ്രതിഷേധം തുടരുകയാണ്.
അഴിമതിയിലും കൊവിഡ് പ്രതിരോധിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ മാര്‍ച്ച് ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
ഇസ്‌റാഈലില്‍ അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് നെതന്യാഹു. പണതട്ടിപ്പ്, വിശ്വാസവഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിലെതിരെ ചുമത്തിയിട്ടുള്ളത്.
സമ്പന്നരായ സുഹൃത്തുക്കളില്‍ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങള്‍ ചെയ്‌തെന്ന ആരോപണത്തില്‍ നെതന്യാഹുവിനെതിരെ അന്വേഷണം നടക്കുകയാണ്.
അതിനിടെയാണ് കൊവിഡും വന്നെത്തിയത്. കൊറോണക്കാലത്ത് ചില സാമ്പത്തിക പാക്കേജുകള്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ലോക്ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികള്‍ താഴെതട്ടിലേക്കെത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊവിഡ് കാരണം എട്ടു ലക്ഷത്തോളം ആളുകള്‍ക്ക് രാജ്യത്ത് ജോലി നഷ്ടമായെന്നാണ് കണക്ക്.
ഇടതുപക്ഷ വിമര്‍ശകര്‍, അരാജകവാദികള്‍, ആരോഗ്യ ഭീകരവാദ പ്രവര്‍ത്തനം എന്നെല്ലാമാണ് പ്രതിഷേധ സമരക്കാരെ ഭരണകൂടം വിശേഷിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."