സരയു ഇനിയും കരയും രാമന്റെ ദുഃഖമോര്‍ത്ത്
ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്തതിനു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 1922 ജനുവരി 22നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അബുല്‍ കലാം ആസാദ് ജഡ്ജിയുടെ മുഖത്തു നോക്കി പറഞ്ഞു: 'പോര്‍ക്കളത്തിന്റെ അടുത്തത്, ലോകചരിത്രത്തിലെ ഏറ്റവും വലിയ അനീതികള്‍ നടമാടിയ കോടതിമുറികളാണ്. അങ്ങേക്ക് ന്യായാധിപന്റെ ഇരിപ്പിടമാണെങ്കില്‍ ഞങ്ങള്‍ക്ക് വിധിക്കപ്പെട്ടത് പ്രതിക്കൂടാണ്. എന്നും ഓര്‍മിക്കപ്പെടേണ്ട ഈ ജോലി നമുക്ക് പെട്ടെന്ന് ചെയ്തുതീര്‍ക്കാം. ചരിത്രകാരന്മാരും ഭാവിയും കാലങ്ങളായി ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയാണ്. ഇടയ്ക്കിടെ ഞങ്ങളെ ഇവിടെ വരാന്‍ അനുവദിക്കുക. എന്നിട്ട് അങ്ങ് വിധിയെഴുതുക. മറ്റൊരു കോടതിയുടെ കവാടം മലര്‍ക്കെ തുറക്കപ്പെടുന്നതു വരെ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. അവസാനത്തേത് ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പാക്കുന്ന കോടതിയായിരിക്കും. കാലമാണ് അതിന്റെ ന്യായാധിപനും വിധിയെഴുത്തുകാരനും. ആ വിധിയായിരിക്കും അന്തിമം'.
2019 നവംബര്‍ ഒന്‍പതിനു ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ കേസിന്റെ അന്തിമവിധി വന്നപ്പോള്‍ വൈരുധ്യങ്ങളും അനീതിയും നിറഞ്ഞ വിധിന്യായം കണ്ട് പലരും ഇതുപോലെ ആശ്വസിച്ചിട്ടുണ്ടാകാം. ഇന്ത്യയുടെ നീതിന്യായ പാരമ്പര്യത്തെ കളങ്കപ്പെടുത്തിയ ആ വിധിയുടെ പരിണിതഫലങ്ങള്‍ രാജ്യം കാണാന്‍ പോവുകയാണ്. ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെ 67.703 ഏക്കര്‍ ഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജയിലൂടെ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിക്കുമ്പോള്‍ മതേതര ഇന്ത്യ എന്ന ആശയത്തിന്റെ മരണമണി ഒരിക്കല്‍ക്കൂടി മുഴങ്ങിക്കേള്‍ക്കും. 40 കി.ഗ്രാം തൂക്കമുള്ള വെള്ളി ഇഷ്ടിക ആധാരശിലയായി പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും മോദി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുക. അന്നേദിവസം ഹൈന്ദവ വിശ്വാസപരമായി ഒരു സവിശേഷതയും എടുത്തുപറയാനില്ലെന്നിരിക്കെ, ഹിന്ദുത്വ ഭരണകൂടം ആ ദിവസത്തില്‍ പാവനത ദര്‍ശിക്കുന്നുണ്ടത്രെ. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മിരിന്റെ സവിശേഷപദവി എടുത്തുകളഞ്ഞതും ഹിമാലയന്‍ താഴ്‌വരയെ വെട്ടിമുറിച്ച് ഒരു സംസ്ഥാനത്തെ ചരിത്രത്തിലേക്ക് വലിച്ചെറിഞ്ഞതും.
ആര്‍.എസ്.എസ് എക്കാലവും ചേര്‍ത്തുനിര്‍ത്തിയത് മൂന്ന് അജന്‍ഡകളായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുക. ഭരണഘടനയില്‍നിന്ന് 370ാം ഖണ്ഡിക എടുത്തുമാറ്റി കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ഏക സിവില്‍ കോഡ് നടപ്പാക്കുക. ഇവ പ്രായോഗിക തലത്തില്‍ കൊണ്ടുവന്നതോടെ ഭരണഘടനാ ശില്‍പികള്‍ സ്വപ്നംകണ്ട മതേതര ഇന്ത്യ, ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞുവെന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു. 1996ല്‍ എ.ബി വാജ്‌പേയിയുടെ 13 ദിവസത്തെ ഭരണത്തിന് അന്ത്യംകുറിക്കാന്‍ ലോക്‌സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോള്‍, മതേതര പക്ഷത്തുള്ള ഒരു പാര്‍ട്ടി പോലും സര്‍ക്കാരിന് അനുകൂലമായി വാദിക്കാനോ വോട്ട് ചെയ്യാനോ മുന്നോട്ടുവന്നില്ല. വിശ്വാസപ്രമേയത്തിനു മറുപടി പറയവേ വാജ്‌പേയി സ്വതസിദ്ധമായ ശൈലിയില്‍ ശബ്ദമുയര്‍ത്തി: 'നാളെ ഞങ്ങള്‍ക്ക് സഭയില്‍ കേവല ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അജന്‍ഡകള്‍ നടപ്പാക്കും. ഇതുകേട്ട് സി.പി.ഐ നേതാവ് ഇന്ദര്‍ജിത് ഗുപ്ത ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് അല്‍പം ഗൗരവത്തോടെ പറഞ്ഞു: 'അതു നിങ്ങളുടെ ദിവാസ്വപ്നം മാത്രം. ഹിന്ദുത്വരാഷ്ട്രീയ അധീശത്വം സ്ഥാപിക്കുന്ന അവസ്ഥ ഈ രാജ്യത്തുണ്ടാവില്ല'. തെറ്റിയത് ആ കമ്മ്യൂണിസ്റ്റ് നേതാവിനാണ്.
തട്ടിപ്പറിച്ചെടുത്ത ഭൂമി
രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു മതത്തിന്റെ നേതാവായി ചുരുങ്ങുന്ന ദുഃഖകരമായ കാഴ്ചയാണ് ഓഗസ്റ്റ് അഞ്ചിനു കാണാന്‍ പോകുന്നത്. സ്വാതന്ത്ര്യം നേടിയ ഉടന്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപ്പണിയാന്‍ സര്‍ദാര്‍ പട്ടേലിന്റെയും കെ.എം മുന്‍ഷിയുടെയും നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ ആരംഭിച്ചപ്പോള്‍, ഖജനാവില്‍നിന്ന് ചില്ലിക്കാശ് അതിനുപയോഗിക്കരുതെന്ന് ഓര്‍മപ്പെടുത്തിയത് മഹാത്മാജിയാണ്. ക്ഷേത്രപുനരുദ്ധാരണം പൂര്‍ത്തിയായപ്പോള്‍ ഉദ്ഘാടനത്തിനു പ്രഥമ രാഷ്ട്രപതി ക്ഷണിക്കപ്പെട്ടു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രപതി ഭവനില്‍ചെന്ന് ഡോ. രാജേന്ദ്രപ്രസാദിനോട് പറഞ്ഞു: 'മതേതര രാഷ്ട്രത്തിന്റെ പ്രഥമപൗരന്‍ എന്ന നിലയില്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. നിരവധി വ്യാഖ്യാനങ്ങള്‍ക്ക് അതു വഴിവയ്ക്കും'. യാഥാസ്ഥികനായ രാജേന്ദ്രപ്രസാദിന് അതുള്‍ക്കൊള്ളാനായില്ല. ഇന്ദിരാഗാന്ധി കുംഭമേളയില്‍ പങ്കെടുക്കാന്‍ അലഹബാദിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ മതേതര മൂല്യങ്ങള്‍ക്കു വിലകല്‍പിച്ച ഒരു ധൈഷണിക തലമുറ അതിനോടു വിയോജിച്ചു. എന്നാല്‍, ഇന്നു പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിനു തറക്കല്ലിടുമ്പോള്‍ ഒരു കോണില്‍നിന്നും എതിര്‍പ്പുയരില്ല. വിവേകത്തിന്റെ എതിര്‍ശബ്ദം കേള്‍ക്കുന്ന മനോഘടനയല്ല മോദി എന്ന ആര്‍.എസ്.എസ് പ്രചാരകന്റേതെന്ന് എല്ലാവര്‍ക്കുമറിയാം. കാലം കുറേ മുന്നോട്ടുപോയി തിരിഞ്ഞുനോക്കുമ്പോള്‍, സ്വബോധമുള്ള ഓരോ ഇന്ത്യക്കാരനും ഇതോര്‍ത്ത് ലജ്ജിച്ചു തല താഴ്ത്താതിരിക്കില്ല. മുസ്‌ലിംകളില്‍നിന്ന് ചതിയിലൂടെ തട്ടിപ്പറിച്ചെടുത്ത മണ്ണിലാണ് മര്യാദപുരുഷോത്തമനായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ശ്രീരാമന്റെ പേരില്‍ ദേവാലയം പൊങ്ങുന്നത്. അതിനു വഴിയൊരുക്കിക്കൊടുത്തതാകട്ടെ, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചും ( ആ ചതിക്ക് പ്രതിഫലം പറ്റിയപ്പോള്‍ ഗൊഗോയി രാജ്യസഭയിലെത്തി). നിയമവും ചരിത്രവും സാമാന്യയുക്തിയും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും ചവിട്ടിയരച്ച്, നാടകീയ വിധിയെഴുതിയ ഈ അഞ്ചു ജഡ്ജിമാര്‍ക്കും ചരിത്രത്തില്‍ ഒരു ഇടം ഒരുക്കിവച്ചിട്ടുണ്ട്; രാജ്യത്തിന്റെ മനഃസാക്ഷിയെ വഞ്ചിച്ച് കെട്ടകാലത്തിനു കൂട്ടുനിന്നവര്‍!
ബാബരി മസ്ജിദിനുമേല്‍ 1964 വരെ ഒരാളും അവകാശവാദം ഉന്നയിച്ചിരുന്നില്ല. രാമന്റെ ജന്മസ്ഥലം പള്ളിക്കകത്താണെന്ന് ഒരു ഹൈന്ദവ വിശ്വാസിയും അവകാശപ്പെട്ടിരുന്നില്ല. പള്ളിക്കു പുറത്തുള്ള, രാംഛബുത്ര (1855ല്‍ പണിത) എന്ന ഉയര്‍ത്തിക്കെട്ടിയ തറയാണ് രാമന്റെ ജന്മസ്ഥാനമെന്നും അവിടെ ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നുമാണ് 1885 മുതല്‍ അയോധ്യയിലെ ഒരു വിഭാഗം ഹിന്ദുക്കള്‍ ആവശ്യപ്പെട്ടിരുന്നത്. അതു ഭാവിയില്‍ കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ അനുമതി നല്‍കാതിരുന്നതും രണ്ടിനെയും വേര്‍തിരിക്കുന്ന ഭിത്തി പണിതതും. ജില്ലാ ജഡ്ജിയായിരുന്ന എഫ്.ഇ.എ ചാമിയര്‍, 1986 മാര്‍ച്ച് 18നു മഹന്ത് രഘുബാര്‍ദാസിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് പറഞ്ഞതും ഇതു തന്നെയാണ്. 1885ല്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഏറ്റുമുട്ടിയത് പള്ളിക്കു പുറത്തുള്ള ഹനുമാന്‍ഗഢിയുടെ പേരിലാണെന്നു ചരിത്രകാരന്‍ കെ.എന്‍ പണിക്കര്‍ സമര്‍ഥിക്കുന്നുണ്ട്. പിന്നെ എപ്പോഴാണ് പള്ളിക്കകത്താണ് രാമന്‍ ജനിച്ചതെന്ന വാദം ഉയര്‍ന്നു തുടങ്ങിയത്? വി.എച്ച്.പിയെ കളത്തിലിറക്കി പള്ളി പിടിച്ചെടുക്കാനും രാമക്ഷേത്രമെന്ന സങ്കല്‍പത്തിലൂടെ ഭൂരിപക്ഷ സമുദായത്തെ വര്‍ഗീയമായി ഏകോപിപ്പിക്കാനും അതുവഴി രാജ്യാധികാരം പിടിച്ചെടുക്കാനും ആര്‍.എസ്.എസ് കുടിലപദ്ധതി ആവിഷ്‌കരിച്ച ശേഷമാണത്.
ഇന്ദിരാ ഗാന്ധിയുടെ വധത്തോടെ ഉടലെടുത്ത രാഷ്ട്രീയ നേതൃശൂന്യതയും രാജീവ് ഗാന്ധിയുടെ ദുര്‍ബലമായ നിലപാടുകളും സംഘ്പരിവാറിന് അനുകൂലമായ ഇടം ഒരുക്കിക്കൊടുത്തു. രാമജന്മഭൂമി പ്രക്ഷോഭത്തിനു മുന്നില്‍ ഭരണകൂടം കീഴടങ്ങിയതാണ് 1992 ഡിസംബര്‍ ആറിനു മസ്ജിദ് ധ്വംസനത്തിലേക്ക് എത്തിച്ചത്. മസ്ജിദ് നിശ്ശേഷം തകര്‍ത്തെറിയപ്പെട്ടുവെന്ന് കേട്ടപ്പോള്‍ അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍ നാരായണന്‍ എങ്ങനെ പ്രതികരിച്ചുവെന്ന് ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. 'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന രണ്ടാമത്തെ മഹാദുരന്തം. മതേതര ഇന്ത്യക്ക് താങ്ങാവുന്നതിലുമപ്പുറത്തുള്ള ആഘാതം'. മഹാത്മാ ഗാന്ധി 1948 ജനുവരി 30നു നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് മരിച്ചതായിരുന്നുവത്രെ ഒന്നാമത്തെ ദുരന്തം. ഇന്ദിരയും രാജീവും ജീവിതദുരന്തങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ കോണ്‍ഗ്രസുകാരനായ കെ.ആര്‍ നാരായണന്‍ ഇമ്മട്ടില്‍ പ്രതികരിച്ചിരുന്നില്ല. രാജ്യമനഃസാക്ഷിയെ വിറപ്പിച്ച അത്തരമൊരു ദുരന്തത്തിനു നേതൃത്വം കൊടുത്ത അതേ ദുശ്ശക്തികളുടെ കൈയിലേക്കാണ് പരമോന്നത നീതിപീഠം ബാബരി മസ്ജിദ് 450 വര്‍ഷം നിലനിന്ന മണ്ണ് കൈമാറിയത്. അതിനു കണ്ടുപിടിച്ച ന്യായമാണ് ഏറ്റവും വിചിത്രം! തര്‍ക്കമന്ദിരത്തിലാണ് രാമന്റെ ജന്മസ്ഥലം കുടികൊള്ളുന്നതെന്ന് ഹൈന്ദവ ഭക്തര്‍ വിശ്വസിക്കുന്നുണ്ടത്രെ. എപ്പോഴാണ് ഇന്ത്യന്‍ ജുഡീഷ്യറി വിശ്വാസത്തെ തെളിവുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്? മുത്വലാഖ് അനുവദനീയമാണെന്ന് വിശ്വസിക്കുന്ന വിഭാഗത്തിന്റെ വിശ്വാസത്തെ തള്ളിക്കളഞ്ഞല്ലേ ഇതേ കോടതി അതു നിയമവിരുദ്ധമാക്കിയത്?.
ഗാന്ധിയുടെ ഇന്ത്യ മരിക്കുന്ന ദിവസം
അയോധ്യയില്‍ ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ആര്‍.എസ്.എസ് വളര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ രാമന്റെ പേരിലുള്ള ക്ഷേത്രനിര്‍മിതിക്കു വേണ്ടിയാണ്. 14 ശതമാനം വരുന്ന ന്യൂനപക്ഷത്തിന്റെ കൈയില്‍നിന്ന് 110 കോടി വരുന്ന ഭൂരിപക്ഷ സമൂഹത്തിലെ ന്യൂനാല്‍ ന്യൂനപക്ഷം വര്‍ഗീയവാദികള്‍ ഭൂമി തട്ടിപ്പറിച്ചെടുത്ത് ദേവാലയം പണിയാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടയേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു. പള്ളി നിലകൊള്ളുന്ന 2.72 ഏക്കര്‍ സ്ഥലത്തിന്റെ ഉടമാവകാശം ആര്‍ക്കെന്നു തീരുമാനിക്കാനാണ് കോടതിയോട് ആവശ്യപ്പെട്ടത്. അലഹബാദ് ഹൈക്കോടതി പള്ളിയുടെ മൂന്നിലൊന്ന് മുസ്‌ലിംകള്‍ക്കു നല്‍കാന്‍ വിധിച്ചു. സുപ്രിംകോടതിയാകട്ടെ, 1528ല്‍ പള്ളി നിര്‍മിച്ചതു മുതല്‍ 1856 വരെ പള്ളിക്കകത്ത് പ്രാര്‍ഥന നടന്നതിനു തെളിവില്ലെന്ന വാദത്തിലൂടെ മുസ്‌ലിംകളുടെ അവകാശം പൂര്‍ണമായി നിഷേധിച്ചു. എല്ലാ തെളിവുകളും കാലിനടിയില്‍ ചവിട്ടിപ്പിടിച്ച് 67 ഏക്കര്‍ സ്ഥലവും വി.എച്ച്.പിക്കു വിട്ടുകൊടുത്ത് രാമക്ഷേത്രം പടുത്തുയര്‍ത്താന്‍ ഒരു ട്രസ്റ്റ് അല്ലെങ്കില്‍ സമാന്തര സംവിധാനം ഉണ്ടാക്കാനാണ് കോടതി ആജ്ഞാപിച്ചത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം 1993ല്‍ പ്രത്യേകനിയമം കൊണ്ടുവന്നാണ് നരസിംഹറാവു സര്‍ക്കാര്‍ ഈ സ്ഥലം അക്വയര്‍ ചെയ്തത്. എന്തിനുവേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നതെന്ന ചോദ്യത്തിനു കേന്ദ്രസര്‍ക്കാര്‍ അന്നു പറഞ്ഞത്, ഇന്ത്യക്കാര്‍ക്കിടയില്‍ സാമുദായിക സൗഹാര്‍ദവും സാഹോദര്യബോധവും വളര്‍ത്താന്‍ വേണ്ടി എന്നാണ്. എന്നാല്‍ ഈ സ്ഥലം വി.എച്ച്.പിക്കു വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് 2019ല്‍ മോദി സര്‍ക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ് നിര്‍ദേശിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തില്‍ 42 ഏക്കര്‍ മാത്രമേ രാമജന്മഭൂമി ന്യാസിന്റേതായി ഉള്ളൂ. അഞ്ചേക്കര്‍ സുന്നി വഖ്ഫ് ബോര്‍ഡിന്റേതാണ്. ക്ഷേത്രനിര്‍മാണം ഏറ്റെടുക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് ഉപദേശിച്ച കോടതിക്ക്, തൊട്ടടുത്ത് പള്ളി പണിയാന്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട അഞ്ചേക്കര്‍ സ്ഥലം വിട്ടുകൊടുത്തിരുന്നുവെങ്കില്‍ ഓഗസ്റ്റ് അഞ്ചിന് ഒരേസമയം പള്ളിക്കും ക്ഷേത്രത്തിനും തറക്കല്ലിടാന്‍ മോദിക്ക് ഭാഗ്യം കിട്ടുമായിരുന്നില്ലേ.
സ്വതന്ത്രഇന്ത്യ കടന്നുപോകുന്ന കറുത്ത ദിനങ്ങളിലൊന്നായേ ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന സംഭവങ്ങളെ നോക്കിക്കാണാനാവൂ. 1949ലാണു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ഗാമികള്‍ പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ കൊണ്ടിട്ടത്. 1992ല്‍ അതേ ദുശ്ശക്തികള്‍ പട്ടാളത്തിന്റെ കണ്‍മുന്നില്‍ വച്ച് പട്ടാപ്പകല്‍ മസ്ജിദ് ധൂമപടലങ്ങളാക്കി. 2010 ഓഗസ്റ്റ് അഞ്ചിനു തട്ടിയെടുത്ത ഭൂമിയില്‍ ക്ഷേത്രപ്പണി തുടങ്ങുന്നു. ഈ ക്ഷേത്രത്തില്‍ യഥാര്‍ഥ രാമഭക്തര്‍ കടന്നുചെല്ലില്ല എന്നതിനു ദൈവഭക്തനും സാത്വികനുമായ മാധവ് ഗോഡ്‌ബോലെയുടെ അനുഭവസാക്ഷ്യമുണ്ട്: 'ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ക്രമസമാധാന നില വിലയിരുത്തുന്നതിനും 1992 ഡിസംബര്‍ 29നു ഞാന്‍ അയോധ്യയില്‍ എത്തി. ഡല്‍ഹിയില്‍ നിന്നുള്ള മറ്റു സന്ദര്‍ശകരെ പോലെ രാംലാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനോ പ്രസാദം സ്വീകരിക്കാനോ പോയില്ല. ഭക്തനാണെങ്കിലും ഒരാളുടെ വിശ്വാസം സ്വകാര്യതയുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കുന്നു. എനിക്ക് എണ്ണമറ്റ അയോധ്യകളുണ്ട്. വഞ്ചനയും ഒട്ടേറെ അക്രമങ്ങളുംകൊണ്ട് കെട്ടിപ്പടുത്ത ആ ക്ഷേത്രത്തില്‍ ശ്രീരാമഭഗവാന്‍ കുടികൊള്ളില്ലെന്ന് എനിക്കുറച്ച വിശ്വാസമുണ്ട് '. മോദിക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതും ഇതു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."