നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും: മേധാ പട്കര്‍
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു നര്‍മദാ ബചാവോ ആന്ദോളന്‍ സമര നായിക മേധാ പട്കര്‍. തൈക്കാട് ഗാന്ധിഭവനില്‍ കേരളത്തിലെ ജനകീയ വിഷയങ്ങളില്‍ സമരമുഖത്തുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സാധ്യമാകുന്ന ശക്തമായ നിയമമായിരുന്നു അത്. അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതു സംഭവിക്കാന്‍ പാടില്ലാത്തതാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടത് സര്‍ക്കാരാണ് ഇതു ചെയ്തിരിക്കുന്നത്. തീരദേശം ക്രമപ്പെടുത്തല്‍ നിയമത്തിന്റെ കരടില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. മത്സ്യത്തൊഴിലാളികളെയും മത്സ്യമേഖലയെയും തകര്‍ക്കുന്നതാണ് പുതിയ സി.ആര്‍.ഇസഡ് നിയമമെന്നും അവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുമായി യാതൊരു ആശയവിനിമയവും നടത്താതെയാണ് ഈ കരട് നിയമം ഉണ്ടാക്കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് ആരുടെയും ഭൂമി പിടിച്ചെടുക്കാന്‍ കഴിയുന്ന നിയമമാണ് സര്‍ഫാസി ആക്ട്. ലക്ഷക്കണക്കിന് ആളുകളെ കൂടുക്കിലാക്കിയിട്ടുള്ള ഈ നിയമം പുനഃപരിശോധിക്കണം.
രാഷ്ട്രീയക്കാര്‍തന്നെ പല പദ്ധതികളിലും പങ്കാളികളാകുമ്പോള്‍ ശക്തമായ ജനകീയ സമരത്തിലൂടെ മാത്രമേ ഫലമുണ്ടാക്കാനാകൂവെന്നും മേധാ പട്കര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയ വിഷയങ്ങളില്‍ സമരമുഖത്തുള്ളവര്‍ മേധാ പട്കറുമായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."