HOME
DETAILS
MAL
ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് ബന്ധം സി.ബി.ഐ ഈ ആഴ്ച ബന്ധുക്കളുടെ മൊഴിയെടുക്കും
backup
August 03 2020 | 03:08 AM
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ മൊഴിയെടുക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ മൊഴി എടുക്കേണ്ടവരുടെ പട്ടിക സി.ബി.ഐ തയാറാക്കിയിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്താനാണ് സി.ബി.ഐയുടെ തീരുമാനം. ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍, ഭാര്യ ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാര്‍, സുഹൃത്തുക്കള്‍ എന്നിവരാണ് മൊഴി എടുക്കേണ്ടവരുടെ പട്ടികയിലുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും.
ഇതിന് പുറമേ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സരിത്തിനെ ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കണ്ടതായി വെളിപ്പെടുത്തിയ കലാഭവന്‍ സോബിയേയും ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനമുണ്ട്.
ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നുമാണ് കൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രകാശ് തമ്പി, വിഷ്ണു ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്ന ഘട്ടത്തിലായിരുന്നു ക്രൈംബ്രാഞ്ച്.
അന്വേഷണം അവസാനഘട്ടത്തിലായിരിക്കുമ്പോഴാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതും കേസ് സി.ബി.ഐക്ക് കൈമാറിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."