മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം: കൊടിക്കുന്നില്‍
കൊല്ലം: കഴിഞ്ഞ ഒരാഴ്ചക്കാലമായി തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കാലത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കണം. കനത്ത പേമാരിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. വെള്ളം കയറി ഒട്ടേറെ വീടുകള്‍ വാസയോഗ്യമല്ലാതെയായി മാറി. നിരവധി കുടുംബങ്ങളുടെ കൃഷി പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളിലുണ്ടായ ചുഴലിക്കാറ്റ് മൂലം വന്‍ നാശനഷ്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ തഹസീല്‍ദാര്‍മാരേയും വില്ലേജ് ഓഫിസര്‍മാരേയും ഉടന്‍ നിയോഗിക്കണം.
ആവശ്യമായ സ്ഥലത്തെല്ലാം ഉടന്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങണം. അരിയും ഭക്ഷണ സാധനങ്ങളും എത്തിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ ഗ്യാസും വിറകും ജില്ലാ ഭരണകൂടം തന്നെ മുന്‍കൈ എടുത്ത് നേടി കൊടുക്കണം. കനത്ത മഴയില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി സഹായം പ്രഖ്യാപിക്കണം. തുടര്‍ച്ചയായി പെയ്യുന്ന മഴ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം വരുത്തിവച്ചിരിക്കുകയാണ്. പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ പല തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. പനിയും മറ്റ് സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കണം. താലൂക്ക് ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മറ്റ് സ്റ്റാഫുകളുടേയും സേവനം പരിപൂര്‍ണ്ണമായും ഉറപ്പു വരുത്തണം.
ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ അത് നേരിടാന്‍ മുന്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മുന്നോട്ടു വരണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."