അച്ചടക്കത്തോടെ കുട്ടിപ്പൊലിസ്; സമ്മര്‍ ക്യാംപ് സമാപിച്ചു
മാനന്തവാടി: അഞ്ചു ദിവസമായി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു വന്ന സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പ്രോജക്ടിന്റെ ഏഴാമത് വയനാട് ജില്ലാ സമ്മര്‍ ക്യാംപിന്റെ ഭാഗമായി നടത്തിയ പാസിങ്ങ് ഔട്ട് പരേഡ് ശ്രദ്ധേയമായി.
ജില്ലയിലെ 18 സ്കൂളുകളില്‍ നിന്നുള്ള 572 കേഡറ്റുകളാണ് 19 പ്ലാറ്റൂണുകളായി പരേഡില്‍ അണിനിരന്നത്. വയനാട് ജില്ലാ പൊലിസ് മേധാവി രാജ്പാല് മീണ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.
മാനന്തവാടി ജെ.എസ്.പി ജി. ജയ്ദേവ് മുഖ്യാതിഥിയായിരുന്നു. സെന്റ് കാതറിന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്നേഹ അലക്സ്, മേപ്പാടി ഹൈസ്കൂളിലെ മഹേഷ് എന്നിവര്‍ യഥാക്രമം പരേഡ് കമാന്ററും സെക്കന്റ് ഇന്‍ കമാന്ററുമായി.
എസ്.പി.സി രുപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് തന്നെ ആദ്യമായി രൂപീകരിച്ച മാനന്തവാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി ബാന്റ് സെറ്റ് പരേഡിന് മാറ്റുകൂട്ടി. ക്യാപ്റ്റന്‍ അഭിജിത് സി. അജയനാണ് ബാന്റ്സെറ്റ് നയിച്ചത്.
പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസര്‍ ടി.എന്‍ സജീവ്, വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി തങ്കം, മാനന്തവാടി ഐ.പി പി.കെ മണി, റിസര്‍വ് ഇന്‍സ്പെക്ടര്‍ ഷാജി അഗസ്റ്റിന്, വിവിധ സ്കൂളുകളിലെ അധ്യാപകര്‍ എ.ഡി.എന്‍.ഒ ജോസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വൈകിട്ട് നടന്ന ക്യാംപ് ഫയറില്‍ ജെ.എസ്.പി ജി ജയദേവ്, കല്‍പ്പറ്റ ഡിവൈഎസ്.പി കെ മുഹമ്മദ് ഷാഫി, ഡി.എന്‍.ഒ ടി.എന്‍ സജീവ് മാനന്തവാടി ഐ.പി പി.കെ മണി തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാംപിന്റെ സമാപന സമ്മേളനം മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."