രാഹുല്‍ഗാന്ധി 17ന് യു.ഡി.എഫ് നേതൃയോഗത്തിനെത്തും
കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 17ന് കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുക്കും. കേരള പര്യടനത്തിനെത്തുന്ന രാഹുല്‍ഗാന്ധി 16നു രാത്രി 8.10ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. അവിടെ നിന്നു റോഡ് മാര്‍ഗം ഒന്‍പതിന് പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിലെത്തും.
17നു രാവിലെ എട്ടിന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തിലാണു യു.ഡി.എഫ് നേതൃയോഗം. കാസര്‍കോട്, കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരും പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാരും യു.ഡി.എഫ് ഘടകകക്ഷികളിലെ പ്രധാന നേതാക്കളും പങ്കെടുക്കും. ഇതിനുശേഷം ഒന്‍പതിന് പൊലിസ് പരേഡ് ഗ്രൗണ്ടിലോ ഡി.എസ്.സി മൈതാനിയിലോ തിരികെയെത്തി ഹെലികോപ്ടറില്‍ രാഹുല്‍ വയനാട്ടിലെ തിരുനെല്ലിയിലേക്കു തിരിക്കും. കണ്ണൂരിലെ നേതൃയോഗത്തില്‍ പങ്കെടുക്കുന്ന വിവിധ സംഘടനാ നേതാക്കള്‍ രാവിലെ 7.30ന് മുന്‍പ് യോഗം നടക്കുന്ന സാധു കല്യാണമണ്ഡപത്തില്‍ എത്തണമെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എസ്.പി.ജി, പൊലിസ്, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു. രാഹുലിന്റെ സുരക്ഷാസംഘത്തിനു നേതൃത്വം നല്‍കുന്ന എസ്.പി.ജി എസ്.പി സന്ദീപ് ദീക്ഷിത്, ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം, കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, കിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ടി. അജയകുമാര്‍, ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, നേതാക്കളായ കെ. സുരേന്ദ്രന്‍, വി.എ നാരായണന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എസ്.പി.ജി, പൊലിസ് സംഘം രാഹുലിന്റെ താമസ സ്ഥലമായ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസ്, സാധു കല്യാണ മണ്ഡം, പൊലിസ് പരേഡ് ഗ്രൗണ്ട്, ഡി.എസ്.സി മൈതാനം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."