''പുഴയില്‍ മീന്‍ ചാകര; കരയില്‍ പണച്ചാകര''
പടിഞ്ഞാറത്തറ: ബാണാസുര ഡാം റിസര്‍വോയറിന്റെ ഷട്ടര്‍ തുറന്നതോടെ കരമാന്‍ തോട്ടില്‍ മീന്‍ ചാകര.
തോട്ടില്‍ നിന്ന് പിടികൂടി കരയിലെത്തുന്ന മീനുകളെ പണമെറിഞ്ഞാണ് ആളുകള്‍ സ്വന്തമാക്കുന്നത്. ഷട്ടര്‍ വഴിപുറത്തു ചാടുന്ന മീനുകളെ വലയെറിഞ്ഞും പുഴയിലൂടെ നീന്തിയുമാണ് നാട്ടുകാര്‍ പിടികൂടുന്നത്. നാട്ടുകാര്‍ പുഴിയിലിറങ്ങാന്‍ തുടങ്ങിയതോടെ പൊലിസ് ഇടപെട്ട് ഇവരെ കരക്ക് കയറ്റി. ഇതോടെ വലയെറിഞ്ഞായി മീന്‍പിടിത്തം. ഡാമിലെ ഷട്ടറുകള്‍ തുറന്നതോടെ ജില്ലയുടെ പലഭാഗത്ത് നിന്നും മീന്‍ പിടിക്കുന്നതിനായി ആളുകള്‍ ഒഴുകിയെത്തുകയാണ്. ഒരു മീനിന് 4000 മുതല്‍ 7000 രൂപ വരെയാണ് ഇവര്‍ വിലയീടാക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഷട്ടര്‍ തുറന്നതിനാല്‍ വലിപ്പമേറിയ ചെമ്പല്ലി, കട്‌ല, റോഗ് തുടങ്ങിയ മീനുകളാണ് ലഭിക്കുന്നത്. ഷട്ടറുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന മീനുകള്‍ പാതിചത്ത അവസ്ഥയിലാണ് പുഴയിലേക്ക് എത്തുന്നത്. ഇരുപതു മുതല്‍ 40 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് പലര്‍ക്കും ലഭിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ തുടങ്ങിയ മീന്‍പിടിത്തം ഇന്നലെ വൈകിട്ടും തുടരുകയാണ്. പിടിച്ചെടുക്കുന്ന മീനുകള്‍ കിലോക്ക് 300 മുതല്‍ 500 രൂപ വരെ വിലക്കാണ് വില്‍ക്കുന്നത്. പുഴമീനിന് ആവശ്യക്കാരും നിരവധിയാണ്. മീന്‍ ചാകരയറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഡാം പരിസരത്തേക്ക് എത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പൊലിസിന് നന്നേ പാടുപെടേണ്ടി വന്നു. പേരാല്‍ ജങ്ഷനിലും പന്തിപ്പൊയില്‍ ജങ്ഷനിലും വാഹനങ്ങള്‍ തടഞ്ഞാണ് പൊലിസ് പ്രദേശത്തെ ഗതാഗത തടസത്തിന് ചെറിയ തോതിലെങ്കിലും പരിഹാരം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."