നദികള്‍ സംരക്ഷിക്കപ്പെടണമെന്ന് വിദേശ കയാക്കിങ് താരങ്ങള്‍
കോഴിക്കോട്: കേരളത്തിന്റെ നദികള്‍ വിനോദത്തിനും കായിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാകുന്ന വിധത്തില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര കയാക്കിങ് താരങ്ങള്‍. നാളെ പുലിക്കയത്തു തുടങ്ങുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിനായി 20 രാജ്യങ്ങളില്‍ നിന്നെത്തിയ താരങ്ങള്‍ കേരളത്തെക്കുറിച്ചും കയാക്കിങ് സാധ്യതകളെക്കുറിച്ചും കടവ് റാവിസ് ഹോട്ടലില്‍ മാധ്യമങ്ങളോട് സംവദിക്കവെയാണ് കേരളത്തെക്കുറിച്ച് വാചാലരായത്.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണു മിക്കവരും ചൂണ്ടിക്കാട്ടിയത്. സാഹസിക വിനോദ കായികമേളകള്‍ക്കു കേരളം അനുയോജ്യമാണെന്ന് ഇവര്‍ പറയുന്നു. കാനഡ മുതല്‍ നേപ്പാള്‍ വരെയുള്ള രാജ്യങ്ങളിലെ കയാക്കിങ് താരങ്ങളാണ് മത്സരത്തിനെത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് നാലുപേരും ഇന്ത്യയ്ക്കു വേണ്ടി രണ്ടു താരങ്ങളും കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ തുഴച്ചില്‍ നടത്തും. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഋഷിറാണയും ഓഷ റൗട്ടുമാണ് ഇന്ത്യയുടെ താരങ്ങള്‍. ഋഷി എട്ടുവര്‍ഷമായി കയാക്കിങ് പരിശീലിക്കുന്നു. ഇരുവരും കേരളത്തിലേക്കു വരുന്നത് ഇതാദ്യമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ഇവരുടെ പ്രത്യാശ.
കേരളത്തിന്റെ ഹരിതഭംഗിയും കാലാവസ്ഥയുമാണ് നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള താരം മാര്‍ട്ടിനയെ ആശ്ചര്യപ്പെടുത്തിയത്. മഴക്കാലമായിട്ടും പുഴകളിലെ മാലിന്യം അവരെ അലോസരപ്പെടുത്തുന്നുമുണ്ട്. മഴക്കാലത്തു കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബോട്ടിറക്കാന്‍ തയാറെടുക്കുകയാണു താനെന്നും പുതിയ അനുഭവമാകും കേരളമെന്നും അവര്‍ പറഞ്ഞു. ഫ്രാന്‍സിലെ ന്യൂമാന്‍സില്‍ നിന്നുള്ള നൗറിയയും ഇന്ത്യയില്‍ മത്സരത്തിനെത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ 22 വര്‍ഷമായി നൗറിയ കയാക്കിങ് രംഗത്തുണ്ട്. ഇവിടുത്തെ കാലാവസ്ഥ നല്ലതാണെന്നും പ്രകൃതിയും ഭക്ഷണത്തിന്റെ രുചിയും ഇഷ്ടമായെന്നും നൗറിയ പറയുന്നു. 2016ലെ ഒളിംപിക്‌സില്‍ പങ്കെടുത്ത മിക് തോംസണ്‍ രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞവര്‍ഷവും മിക് കേരളത്തില്‍ കയാക്കിങ്ങിനെത്തിയിരുന്നു.
കാനഡ താരം ഡേക് ജാക്‌സണ്‍ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടുവെന്നും കയാക്കിങ്ങിന് അനുകൂല ഘടകമുള്ള നാടാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയില്‍ നിന്നുള്ള ഫ്രഡ്ഡിക്കു മലയാളികളുടെ ഭക്ഷണത്തെ കുറിച്ചാണ് പറയാനുള്ളത്. ഇന്തോനേഷ്യയെ പോലെയാണ് കേരളത്തിന്റെ ഭൂപ്രകൃതിയെങ്കിലും കടലും പുഴയും മലയും എല്ലാം ചേര്‍ന്ന അനുഭവം ഫ്രഡ്ഡിയെ ഹരംകൊള്ളിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മത്സരം നേട്ടമാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് നാളെമുതല്‍ 22 വരെയാണു നടക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപാറ പഞ്ചായത്തുകളും സംയുക്തമായി മദ്രാസ് ഫണ്‍ ടൂള്‍സന്റേയും ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റിവിന്റെയും സഹകരണത്തോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് ഒരുക്കുന്നത്.
ജൂലൈ 18ന് ചക്കിട്ടപാറ പഞ്ചായത്തിലെ മീന്‍തുള്ളി പാറയില്‍ കയാക്കിങ് മത്സരം ആരംഭിക്കും. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് അഞ്ചിന് പുലിക്കയത്തു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മലബാര്‍ ഗ്രേറ്റര്‍ ഇനീഷേറ്റിവ് ജന.സെക്രട്ടറി റോഷന്‍ കൈനടി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രതിനിധി ബിനോയ്, മണിക് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."