പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കൊല: മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍
വിട്ട്ള(കര്‍ണാടക): കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ ജലീലിനെ പട്ടാപ്പകല്‍ പഞ്ചായത്ത് ഓഫിസില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ പൊലിസ് പിടിയിലായി.
ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലിസ് പുറത്തു വിട്ടിട്ടില്ല. പിടിയിലായവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഉപ്പള സ്വദേശി അടക്കം മറ്റു മൂന്നു പേര്‍ക്ക് വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. 20ന് രാവിലെ പതിനൊന്നോടെയാണ് കറുവപ്പാടി പഞ്ചായത്ത് ഓഫിസില്‍ കയറി അബ്ദുല്‍ ജലീലിനെ അക്രമികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളില്‍ എത്തിയ സംഘമാണ് കൊല നടത്തിയത്.
ഇവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന ബൈക്കുകളും കൊലക്കുപയോഗിച്ച കൊടുവാളുകളും ചോര പുരണ്ട വസ്ത്രങ്ങളും ഉപ്പള ബായാറിനു സമീപത്തു കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആറുപേരാണ് അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയതെന്നു പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേരെയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു മൂന്നു പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലാകാനുള്ള മൂന്നു പ്രതികളില്‍ ഒരാള്‍ കാസര്‍കോട് ഉപ്പള സ്വദേശിയാണെന്ന് സൂചനയാണ് പൊലിസ് നല്‍കുന്നത്. അതേ സമയം കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിന്റെ വീട് സന്ദര്‍ശിച്ചു മടങ്ങിയ കര്‍ണാടക മന്ത്രി രാമനാഥ റൈയെ ജനക്കൂട്ടം തടഞ്ഞു. കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് കറുവപ്പാടിയില് മന്ത്രിയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു പ്രതിഷേധിച്ചത്.
ഇതേ തുടര്‍ന്ന് മന്ത്രി, മംഗളൂരു എസ്.പിയുമായി ഫോണില്‍ ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു. മൂന്നു പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും മറ്റു പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണെന്നും എസ്.പി മന്ത്രിയെ അറിയിച്ചു.
മന്ത്രി ഇക്കാര്യം പ്രതിഷേധക്കാരെ അറിയിച്ചതിനെതുടര്‍ന്നാണ് നാട്ടുകാര്‍ വാഹനത്തെ പോകാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."