'കോടതിയേക്കാള്‍ വലുതല്ല ചീഫ് ജസ്റ്റിസ്, വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല'
കോടതിയലക്ഷ്യക്കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കോടതിയെക്കാള്‍ വലുതല്ല ചീഫ് ജസ്റ്റിസെന്നും നാലു സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതില്‍ ആശങ്കപ്പെടുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തലായി കണക്കാക്കാനാവില്ലെന്നും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍. അതിനാല്‍ ഇതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും തനിക്കെതിരായ രണ്ടു കോടതിയലക്ഷ്യക്കേസുകളില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച 142 പേജുള്ള സത്യവാങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
10 വര്‍ഷത്തിനു മുന്‍പ് തെഹല്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനാണ് പ്രശാന്ത് ഭൂഷണെതിരായ ഒരു കേസുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്ന ചിത്രത്തെയും കഴിഞ്ഞ ആറു വര്‍ഷത്തെ ചീഫ് ജസ്റ്റിസുമാരുടെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് രണ്ടാമത്തെ കേസ്. അടിയന്തരമായി പരിഗണിക്കേണ്ട നിരവധി കേസുകള്‍ കോടതിയില്‍ കാത്തിരിക്കുമ്പോള്‍ കൊവിഡ് ഭീതി മൂലം മൂന്നു മാസമായി കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചീഫ് ജസ്റ്റിസ് മാസ്‌ക് പോലും ധരിക്കാതെ ആള്‍ക്കൂട്ടത്തിനിടയില്‍ ബൈക്കിലിരിക്കുകയും ചെയ്യുന്നതിലുള്ള തന്റെ രോഷമാണ് ചീഫ് ജസ്റ്റിസിന്റെ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ട്വീറ്റില്‍ താന്‍ പ്രകടിപ്പിച്ചതെന്ന് സത്യവാങ്മൂലം പറയുന്നു. ചീഫ് ജസ്റ്റിസിന് ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്കും മാസ്‌കില്ല. ബി.ജെ.പി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നതെന്ന് സോഷ്യല്‍മീഡിയ തെളിവ് സഹിതം സമര്‍ഥിച്ചതാണ്. പൗരാവകാശമെന്ന നിലക്കുള്ള അഭിപ്രായ സ്വാതന്ത്ര്യമാണ് താന്‍ വിനിയോഗിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ ആക്രമിക്കുന്ന നിരവധി നടപടികള്‍ക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ സാക്ഷിയായി. സുപ്രിംകോടതി നിരവധി നടപടികളിലൂടെ അതിനെ അവഗണിക്കുകയോ അതിനൊപ്പം നില്‍ക്കുകയോ ചെയ്തു. ഇക്കാര്യമാണ് താന്‍ പിന്നാലെ ചൂണ്ടിക്കാട്ടിയത്. നീതി നിഷേധിച്ച് ഭൂരിപക്ഷത്തിന്റെ ഏകാധിപത്യ താല്‍പര്യങ്ങള്‍ക്ക് കോടതി കീഴടങ്ങി. പൗരാവകാശപ്രവര്‍ത്തകര്‍ക്കും ജനാധിപത്യ സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രണം തുടരാന്‍ അനുവദിച്ചു. സര്‍ക്കാര്‍ നടപടികളിലെ നടപടികളെ നിവര്‍ന്നു നിന്ന് ചോദ്യം ചെയ്യുന്നതില്‍ സുപ്രിംകോടതി പരാജയപ്പെട്ടുവെന്നും ഹരജി ചൂണ്ടിക്കാട്ടി.
എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരായി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത എന്നിവര്‍ നടത്തിയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങളും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."