ചൂതാട്ടവും വാറ്റു കേന്ദ്രവും വര്‍ധിക്കുന്നു
കുന്നുംകൈ: മലയോരങ്ങളിലെ കൊന്നക്കാട്, കുളത്ത് കാട്, കൂവ്വപ്പാറ എന്നീ കോളനികളില്‍ വ്യാജ വാറ്റും ചൂതാട്ടവും വര്‍ധിക്കുന്നതായി പരാതി. ഈ ഭാഗങ്ങളില്‍ പലയിടത്തും വാറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പലതും കര്‍ണാടക അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്നത് കാരണം അധികൃതര്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള തടസം മുതലെടുത്താണ് മിക്കതും പ്രവര്‍ത്തിക്കുന്നത്.
കര്‍ണാടകയില്‍ നിന്നുള്ള വില കുറഞ്ഞ മദ്യം വ്യാപകമായി ഇവിടങ്ങളില്‍ വിറ്റഴിക്കുന്നതായും പരാതിയുണ്ട്. വെള്ളരിക്കുണ്ടിലെ ബീവറെജ് ഔട്ട്‌ലെറ്റില്‍ നിന്നു മദ്യം വാങ്ങി പലയിടങ്ങളിലും വില്‍പന നടത്തുന്ന സംഘങ്ങള്‍ തന്നെ മലയോരത്ത് പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. മാത്രവുമല്ല എക്‌സൈസ് അധികൃതര്‍ക്ക് ഇവിടെ എത്തിപ്പെടാനും ഏകദേശം അറുപതു കി.മീ സഞ്ചരിക്കുകയും വേണം.
വ്യാജ വാറ്റിനെയും മറ്റും തടയിടാന്‍ മിനി എക്‌സൈസ് ഓഫിസ് മലയോരത്ത് പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മദ്യത്തിനു പുറമേ പണം വച്ചുള്ള ചൂതാട്ടവും പല ഭാഗങ്ങളിലും വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ഭീമനടിക്കടുത്ത് ഇത്തരം സംഘത്തെ പൊലിസ് വളഞ്ഞങ്കിലും രക്ഷപ്പെടുകയായിരുന്നു. ഒഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം ചൂതാട്ടങ്ങളില്‍ പുറത്തു നിന്നു ധാരാളം പേര്‍ എത്തുന്നുണ്ടെന്നു പരിസരവാസികള്‍ പറയുന്നു. ഇതിനെ ചെറുക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."