ഗോഹത്യാ കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നിയമം വേണം- സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗോഹത്യയുടെപേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ തടയാന്‍ ശക്തമായ നിയമം കൊണ്ടു വരണമെന്ന് സുപ്രിം കോടതി. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അക്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. ഇതിനായി
നിയമം വേണം. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം നടപ്പാക്കാനാവില്ല. സര്‍ക്കാറാണ് ക്രമസമാധാനം ഉറപ്പാക്കേണ്ടത്. ഗോരക്ഷാ ഗുണ്ടകളുടേതടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ടം ആളുകളെ കൊല്ലുമ്പോള്‍ മരവിച്ച മനസ്സോടെ അത് പൊതുജനം നോക്കി നില്‍ക്കുന്ന അവസ്ഥ രാജ്യത്തുണ്ടെന്ന് വിധി പ്രസ്താവത്തില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ കാഹളം മുഴക്കണമെന്നും സുപ്രിം കോടതി ഓര്‍മ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രിം കോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തന്നെ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."