HOME
DETAILS

ജനാധിപത്യത്തെ അടച്ചുപൂട്ടിയ 365 ദിവസങ്ങള്‍

  
backup
August 05 2020 | 01:08 AM

kashmir-7-365

 


കശ്മിരില്‍ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും സമ്പൂര്‍ണ ലോക്ക് ഡൗണിനു വിധേയമാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കശ്മിരികളെ കൂടുതല്‍ അപമാനിതരാക്കാനും അവരുടെ ഭൂമിയുടെയും വിഭവങ്ങളുടെയും മേലുള്ള ചരിത്രപരമായ അവകാശം കവര്‍ന്നെടുക്കാനുമുള്ള അനേകം നീക്കങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി. ഇത്തരം നീക്കങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നാണ് താഴ്‌വരയില്‍ നിന്നുള്ള സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 11 മാസം കശ്മിരി ജനത നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏതാനും ദിവസം മുന്‍പ് പ്രസിദ്ധീകരിച്ച 'ജമ്മു കശ്മിരിലെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള കൂട്ടായ്മ'യുടെ 72 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഇതില്‍ ഏറ്റവും പുതിയത്. സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും മുന്‍ ജഡ്ജിമാര്‍, ഗവേഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുന്‍ സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായ ഈ കൂട്ടായ്മ കണ്ടെത്തിയ കാര്യങ്ങള്‍ അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഗുരുതരമാണെന്ന് അടിവരയിടുന്നു.
കരിനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗം, ജാമ്യം നിഷേധിക്കല്‍, കുട്ടികളുടെ അറസ്റ്റ്, സൈനിങ്ക ചെക്ക്‌പോയിന്റുകളിലെയും ബാരിക്കേഡുകളിലെയും പീഡനങ്ങള്‍, മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നിവ പൊതുജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഏല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കൂടാതെ, മോദി സര്‍ക്കാരിന്റെ വിവേചനപരമായ നയങ്ങള്‍ എങ്ങനെയാണ് കശ്മിരിലെ കുട്ടികളെ പ്രത്യേകമായി ബാധിക്കുന്നതെന്നും റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നു. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം കശ്മിരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടില്ല. ഇപ്പോള്‍, കൊവിഡ് കാരണം എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കു മാറിയപ്പോള്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കാരണം കശ്മിരിലെ കുട്ടികള്‍ക്ക് അതും നിഷേധിക്കപ്പെട്ടു. ജനങ്ങളുടെ സുരക്ഷയെക്കാള്‍ സായുധരായ വിമതരെ നേരിടുന്നതിനു പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നയം തിരുത്തേണ്ടത് അനിവാര്യമാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിനിടെ താഴ്‌വരയിലെ പല വ്യവസായമേഖലയും തകര്‍ന്നെന്നു പറയുന്ന റിപ്പോര്‍ട്ട്, പുതിയ മാറ്റങ്ങളുടെ പ്രധാന ഇര മാധ്യമ മേഖലയാണെന്നും വിവരിക്കുന്നു. ജേണലിസ്റ്റുകള്‍ പീഡിപ്പിക്കപ്പെടുകയും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ അവര്‍ക്കെതിരേ ചുമത്തുകയും ചെയ്യുന്നു. കേന്ദ്രനയങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും അന്ത്യം കുറിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട കശ്മിരിലെ ഗുരുതരമായ സാഹചര്യങ്ങളെ കുറിച്ച് നേരത്തെയും വിവിധ വസ്തുതാന്വേഷണ സംഘങ്ങള്‍ പഠനം നടത്തുകയും തങ്ങളുടെ കണ്ടെത്തലുകള്‍ ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു. മുന്‍നിര അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം ആധികാരികമായ റിപ്പോര്‍ട്ടുകള്‍ വേറെയും വന്നു, നിരവധി. പക്ഷേ, അവ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളോ പരിഗണിക്കാന്‍ സര്‍ക്കാരോ തയാറായിട്ടില്ല.


ഭരണഘടനയിലെ ചരിത്രപ്രധാനമായ 370ാം വകുപ്പ് റദ്ദ് ചെയ്യുകയും ജമ്മു കശ്മിര്‍ സംസ്ഥാനത്തെ വിഭജിക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തത് ഒരേസമയം കശ്മിരികളെയും രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സ്തബ്ധരാക്കി. കശ്മിരികളെയും അവരുടെ നാടിനെയും ഇന്ത്യ എന്ന മഹാ ആശയത്തോട് ചേര്‍ത്തുപിടിച്ച ശക്തമായ ഒരു ഉപാധിയായിരുന്നു 370ാം വകുപ്പ്. ആദ്യകാല ഇന്ത്യന്‍, കശ്മിരി നേതാക്കളുടെ ദീര്‍ഘവീക്ഷണവും ജനാധിപത്യ ബോധവും ആയിരുന്നു ഇതിനുപിന്നില്‍.
കശ്മിര്‍ 'താല്‍ക്കാലികമായി' ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ന്നതിനു ശേഷം ഈ താല്‍ക്കാലികസ്ഥിതി സ്ഥിരപ്പെടുത്താനുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്. 1952 ജൂണ്‍ 19നു പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന് അയച്ച കത്തില്‍ നെഹ്‌റു എഴുതി: 'കശ്മിര്‍ ഇന്ത്യയോട് ചേര്‍ന്നതു മുതല്‍, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയില്‍ വിഷയം എത്തിയതിനു ശേഷം, ആ പ്രദേശത്തിന്റെ സ്ഥിതി വളരെ സവിശേഷമാണ്. കശ്മിരിലെ ജനങ്ങളുടെ തീരുമാനം എന്താണോ അത് അംഗീകരിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ഹിതപരിശോധന നടത്താനും നാം തയാറാണ്... അവര്‍ ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നമ്മള്‍ കൊടുത്ത ഉറപ്പു കാരണം അതും നമ്മള്‍ അംഗീകരിക്കണം'. കശ്മിരികളെ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായി, ജനാധിപത്യപരമായി ചേര്‍ത്തുപിടിക്കുക എന്നായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. അതിപ്പോള്‍, കശ്മിരികളെ അപമാനിച്ച്, സൈനികമായി കീഴടക്കി നിര്‍ത്തുക എന്ന മോദി ഷാ ആശയത്തില്‍ എത്തിനില്‍ക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിടുകയും പ്രദേശത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണം നടപ്പാക്കിയുമാണ് ആര്‍.എസ്.എസും ബി.ജെ.പിയും തങ്ങളുടെ ജനാധിപത്യവിരുദ്ധ, മുസ്‌ലിംവിരുദ്ധ നടപടികള്‍ വേഗത്തിലാക്കിയത്. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ ഉപയോഗിച്ചാണ് തങ്ങളുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ക്ക് 'നിയമസാധുത' അവകാശപ്പെടുന്നത്.

 

രാഷ്ട്രീയക്കാരുടെ, മാധ്യമങ്ങളുടെ പങ്ക്


ഇന്ത്യാ അനുകൂലികളായ കശ്മിരി രാഷ്ട്രീയ നേതാക്കളുടെ പ്രസക്തി പൂര്‍ണമായും ഇല്ലാതായി എന്നതാണ് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു കേന്ദ്ര സര്‍ക്കാര്‍ കശ്മിരില്‍ നടത്തിയ ജനാധിപത്യ കുരുതിയുടെ ഒരു പ്രധാന ഫലം. മൂന്നു മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ കേന്ദ്രമന്ത്രിമാരെയും അടക്കം ഏകദേശം മുഴുവന്‍ രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ തടവിലാക്കി. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി, സീനിയര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൈഫുദ്ദീന്‍ സോസ് തുടങ്ങിയവും തടങ്കലിലായി. പക്ഷേ, മോദി സര്‍ക്കാര്‍ കശ്മിരികളോടും രാഷ്ട്രീയ നേതൃത്വത്തോടും കാണിച്ച ബലപ്രയോഗത്തോട് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ച രീതി നിരാശപ്പെടുത്തുന്നതായിരുന്നു.
ആഴ്ചകള്‍ മുന്‍പ് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യം തുറന്നുപറഞ്ഞു. ഓഗസ്റ്റ് അഞ്ചിലെ തീരുമാനങ്ങളോട് കോണ്‍ഗ്രസ് അടക്കമുള്ള ബി.ജെ.പിയിതര രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് അങ്ങേയറ്റം നിരാശാജനകമായിരുന്നു. സംസ്ഥാനപദവി എടുത്തുകളഞ്ഞതിനെ പോലും മറ്റു പാര്‍ട്ടികള്‍ എതിര്‍ക്കാതിരുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 370ാം വകുപ്പ് റദ്ദാക്കല്‍ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായിരുന്നെങ്കില്‍, സംസ്ഥാനപദവി എടുത്തുകളഞ്ഞത് കശ്മിരികളെ അപമാനിക്കാനും ശിക്ഷിക്കാനും വേണ്ടി മാത്രമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കശ്മിരില്‍ അര്‍ഥപൂര്‍ണവും ശാശ്വതവുമായ സമാധാനം ഉടന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യ. ഹിന്ദുത്വ ദേശീയതയാല്‍ നയിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരില്‍നിന്ന് കശ്മിരികളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നയങ്ങള്‍ ഉണ്ടാകുമോ?. സംശയമാണ്. തികച്ചും ഏകപക്ഷീയമായ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മിര്‍ നയത്തിന്റെ ഉള്ളടക്കം. രാജ്യത്തെ മതേതരകക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ പോലും നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള കശ്മിരികളുടെ പരിശ്രമങ്ങളെ കൈവിട്ടു. ഈ സാഹചര്യത്തില്‍, അവരുടെ വിഷയംകൂടി തങ്ങളുടെ അജന്‍ഡകളില്‍ ഉള്‍പ്പെടുത്താന്‍ മനുഷ്യാവകാശ, ന്യൂനപക്ഷ സംഘടനകള്‍ തയാറാകേണ്ടതുണ്ട്.


കശ്മിരികള്‍ കടന്നുപോകുന്ന ദുരിതങ്ങള്‍ക്ക് മാറ്റംവരുത്താന്‍ മാധ്യമങ്ങള്‍ക്കും സാധിക്കും. ഏകപക്ഷീയമായ, ഹിന്ദുത്വ അജന്‍ഡകളില്‍ ഊന്നിയ നയങ്ങള്‍ അവിടുത്തെ ജനജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അന്വേഷിക്കാനോ സ്വതന്ത്ര വസ്തുതാന്വേഷകര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനോ കേരളത്തിലെ പ്രധാന പത്രങ്ങള്‍ അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ തയാറാകുന്നില്ല. കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കാനും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ വഴിതിരിച്ചു വിടാനും 'പാകിസ്താന്‍', 'ഭീകരത' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശീലമാണ്. അവിടുത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്തെല്ലാം മാധ്യമങ്ങള്‍ ഇതേ പദങ്ങളും ന്യായങ്ങളും തന്നെയാണ്, അതിന്റെ ഔചിത്യവും യാഥാര്‍ഥ്യവും പരിഗണിക്കാതെ ഉപയോഗിക്കുന്നത്. കശ്മിരി ജനതയുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളെ ഇതു ദുര്‍ബലമാക്കുന്നു. പല മാധ്യമങ്ങള്‍ക്കും കശ്മിര്‍ പ്രശ്‌നമെന്നാല്‍ അഫ്രീദിയും ഗംഭീറും തമ്മിലുള്ള ട്വിറ്റര്‍ വാഗ്വാദങ്ങളാണ്. ഇന്ത്യാ പാകിസ്താന്‍ പ്രശ്‌നം എന്നതില്‍ കവിഞ്ഞ്, കശ്മിരിലെ അനിശ്ചിതത്വം ഏറ്റവുമധികം ബാധിക്കുന്നത് അവിടുത്തെ സാധാരണ ജനങ്ങളെയാണെന്ന വസ്തുത ഇവിടെ വിസ്മരിക്കപ്പെടുന്നു.


പുറത്തുവരുന്ന വിവരങ്ങള്‍ അതേപടി വിശ്വസിക്കാതെ കൂടുതല്‍ സ്വതന്ത്രമായി അവയെ മനസിലാക്കാനും ചര്‍ച്ച ചെയ്യാനും മാധ്യമങ്ങള്‍ തയാറാകേണ്ടതുണ്ട്. പല അന്തര്‍ദേശീയ മാധ്യമങ്ങളും കശ്മിരിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ എത്തിക്കാന്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരെയാണ് ഉപയോഗിക്കുന്നത്. അങ്ങനെയൊരു നീക്കം നടത്താന്‍ രാജ്യത്തെ മാധ്യമസ്ഥാപനങ്ങളും തയാറാകേണ്ടതുണ്ട്. അതായത്, അവിടെനിന്നും ചില അപ്രിയസത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നു സാരം. സ്വതന്ത്രവും സത്യസന്ധവുമായ വാര്‍ത്തകള്‍ തേടിപ്പിടിക്കുകയും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് കശ്മിരി ജനതയോട് നമുക്ക് കാണിക്കാവുന്ന നീതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago