കൊവിഡ് കാലത്ത് സിയാലില്‍ പിരിച്ചുവിടല്‍; 500ലേറെ ഗ്രൗണ്ട് സ്റ്റാഫിനെ ഒഴിവാക്കുന്നു
കൊച്ചി: കൊവിഡ് മഹാമാരിക്കിടെ സിയാലിലെ അഞ്ഞൂറിലധികം ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ പിരിച്ചുവിടുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ 438 കരാര്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ഓഗസ്റ്റ് 31നാണ് കരാര്‍ പുതുക്കേണ്ടിയിരുന്നത്. ഇതുകൂടാതെ ഈ മാസം 31നു ശേഷവും ജോലിയില്‍ തുടരേണ്ട മറ്റ് 111 പേരെ കൂടി പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയിട്ടുമുണ്ട്. 1054 ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരില്‍ നിന്ന് 549 പേരെയാണ് ഒറ്റയടിക്ക് ഒഴിവാക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ നല്‍കുന്ന കരാറുള്ള ബേഡ് വേള്‍ഡ് വൈഡ് ഫ്‌ളൈറ്റ് സര്‍വിസസ് (ബി.ഡബ്ല്യു.എഫ്.എസ്) ആണ് പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ ഇല്ലാതായതിനാലാണ് നടപടിയെന്നാണ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കൊവിഡിന് മുന്‍പുള്ളതിന്റെ അഞ്ചുശതമാനമായി ബിസിനസ് ഇടിഞ്ഞു നഷ്ടം ഉണ്ടായതോടെയാണ് 111 കരാറുകാരെ കൂടി പിരിച്ചുവിടുന്നതെന്നും ജീവനക്കാര്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും നെടുമ്പാശേരിയിലും മാത്രമാണ് ഈ കമ്പനി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. രാജ്യത്താകെ അന്‍പതിനായിരത്തോളം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരാണുള്ളത്. ഇവര്‍ക്കെല്ലാംകൂടി ഏതാണ്ട് 120 കോടി രൂപയാണ് ശമ്പളയിനത്തില്‍ പ്രതിമാസം നല്‍കിവരുന്നത്.
കെവിഡ് പ്രതിസന്ധി കഴിഞ്ഞാലും ആരെയും തിരിച്ചെടുക്കില്ലെന്നും കരാര്‍ റദ്ദാക്കുന്ന ജീവനക്കാര്‍ക്ക് നിയമപരമായ നഷ്ടപരിഹാരം നല്‍കുമെന്നും ബി.ഡബ്ല്യു.എഫ്.എസ് പി.ആര്‍.ഒ ദീക്ഷാ തനേജ സുപ്രഭാതത്തോട് പറഞ്ഞു. ജീവനക്കാരെ വെട്ടിക്കുറയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിമാന കമ്പനികളുടേയും വിമാനങ്ങളുടേയും സര്‍വിസിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനികള്‍ നിലനില്‍പ്പിനായി ലോകത്തൊട്ടാകെ ജീവനക്കാരുടെ എണ്ണവും മറ്റും വെട്ടിക്കുറയ്ക്കുന്നുണ്ട്. 300ഉം 360ഉം സര്‍വിസുകളാണ് മുന്‍പ് ഉണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തോടെ 72 ആഭ്യന്തര വിമാനങ്ങള്‍ മാത്രമായതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."