മാനദണ്ഡം ലംഘിച്ചുള്ള വി.വി.ഐ.പി ഡ്യൂട്ടി; പ്രതിഷേധവുമായി കെ.ജി.എം.ഒ.എ
തിരുവനന്തപുരം: മാനദണ്ഡം ലംഘിച്ച് വി.വി.ഐ.പി ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്നതിനെതിരേ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.
രോഗികളെ ചികിത്സിക്കാന്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതിരിക്കുമ്പോള്‍ വി.വി.ഐ.പികളെ അനുഗമിക്കുന്നതിനും നാട്ടില്‍ നടക്കുന്ന മേളകള്‍ക്കും സമ്മേളനത്തിനും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നത് അപലപനീയമാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
പല വി.വി.ഐ.പി സംഘങ്ങളിലും പ്രത്യേക ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടാകാറുണ്ട്. എങ്കിലും ഒരാചാരം പോലെ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒപ്പം പോകേണ്ട സ്ഥിതിയാണ്. ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനായി കുറഞ്ഞത് അഞ്ചുദിവസം മുന്‍പെങ്കിലും ഡ്യൂട്ടി വിവരം ഡോക്ടര്‍മാരെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പെത്തുന്നതെന്ന് അസോസിയേഷന്‍ പറയുന്നു.
പലപ്പോഴും അന്‍പത് വയസിനു മുകളിലുള്ള ഡോക്ടര്‍മാരെയാണ് ഇത്തരം ഡ്യൂട്ടികള്‍ക്ക് നിയോഗിക്കുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാറില്ല. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ വി.ഐ.പി ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണതും ഈ സാഹചര്യത്തിലായിരുന്നു.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോയും ജന.സെക്രട്ടറി ഡോ.ജി.എസ് വിജയകൃഷ്ണനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."