സി.പി.എമ്മിന് ആശ്വാസമായി രാഹുലിന്റെ പ്രസംഗം
തിരുവനന്തപുരം: ഇടതുമുന്നണിയെ കടന്നാക്രമിക്കാതെയും ശബരിമലയുടെ പേരെടുത്തു പറയാതെയുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സി.പി.എമ്മിന് ആശ്വാസമായി. ശബരിമല പ്രധാന ആയുധമാകുന്ന പത്തനംതിട്ടയിലെ പ്രസംഗത്തിലാണ് ശബരിമലയുടെ പേരെടുത്ത് പറയാതെ രാഹുല്‍ പ്രസംഗിച്ചത്.
കൂടാതെ പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നടത്തിയ പ്രസംഗത്തിലും രാഹുല്‍ ഇടതുപക്ഷത്തെ പരോക്ഷമായി അനുകൂലിക്കുകയും ആര്‍.എസ്.എസിനെതത്രേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്രസംഗത്തില്‍ രാഹുല്‍ ഇടതുമുന്നണിയെ പ്രശംസിച്ചതും ശബരിമല എടുത്തു പറയാതിരുന്നതും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്.
ആര്‍.എസ്.എസ് രാജ്യത്തോട് ചെയ്തത് ഇടുപക്ഷം ചെയ്യില്ലെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഇടതുപക്ഷം ഒരിക്കലും ശ്രമിക്കില്ലെന്നുമാണ് രാഹുല്‍ ആലപ്പുഴയിലെ പ്രസംഗത്തില്‍ പറഞ്ഞത്. തന്റെ പ്രചാരണത്തില്‍ ഒരിക്കലും സി.പി.എമ്മിനെതിരേ ഒരക്ഷരം പറയില്ലെന്ന് വയനാട്ടില്‍ പത്രിക നല്‍കിയതിനു ശേഷം നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എങ്കിലും അടുത്ത തവണ പ്രചാരണത്തിനെത്തുന്ന രാഹുല്‍ സി.പി.എമ്മിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ശബരിമലയും അക്രമ രാഷ്ട്രീയവും പ്രസംഗത്തില്‍ പ്രധാന വിഷയമാക്കുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ അതുണ്ടായില്ല. വിശ്വാസികളുടെ വികാരത്തിനൊപ്പമാണെന്നും ശബരിമല കലാപഭൂമിയാക്കി മാറ്റിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മാണം ആലോചിക്കുമെന്നും കെ.സി വേണുഗോപാല്‍ ഉള്‍പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു വിപരീതമായാണ് ഇന്നലെ രാഹുല്‍ ശബരിമല വിഷയത്തില്‍ എടുത്ത നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."