എട്ടു മാസത്തിനിടെ സഊദി നാടുകടത്തിയത് മൂന്നര ലക്ഷത്തിലേറെ വിദേശികളെ
ജിദ്ദ: എട്ടു മാസത്തിനിടെ മൂന്നര ലക്ഷത്തിലേറെ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ നാടുകടത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷകള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച ശേഷം നവംബര്‍ 15 മുതല്‍ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കാലത്ത് 3,58,604 നിയമ ലംഘകരെയാണ് സഊദിയില്‍ നിന്ന് നാടുകടത്തിയത്.
ഇക്കാലയളവില്‍ ആകെ 13,99,214 നിയമ ലംഘകര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തില്‍ 10,50,393 പേര്‍ ഇഖാമ നിയമ ലംഘകരും 2,37,686 പേര്‍ തൊഴില്‍ നിയമ ലംഘകരും 1,11,135 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്.
എട്ടു മാസത്തിനിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 22,314 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 52 ശതമാനം പേര്‍ യെമനികളും 45 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.
അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ അയല്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 930 പേരെയും എട്ടു മാസത്തിനിടെ പിടികൂടി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തതിന് 2284 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
ഇതേ കുറ്റത്തിന് 458 സഊദി സ്വദേശികളും പിടിയിലായി. ഇവരില്‍ 429 പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. 29 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
നിലവില്‍ 11,622 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ നടന്നുവരുന്നു.
ഇക്കൂട്ടത്തില്‍ 9317 പേര്‍ പുരുഷന്മാരും 2305 പേര്‍ വനിതകളുമാണ്. ഇതിനകം 2,42,203 നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളില്ലാത്ത 1,95,688 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ചു. 2,44,805 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."