ദുരിതത്തില്‍ ആസാം തൊഴിലാളികള്‍
ചൂരല്‍മല: കഴിക്കാന്‍ ആഹാരവും ഉടുക്കാന്‍ വസ്ത്രമോ ഇല്ല. കുറഞ്ഞ കൂലിക്ക് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഇവര്‍ക്ക് കിടക്കാന്‍ കിടപ്പാടവും അന്യം. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി 'പുത്തന്‍ കങ്കാണി'മാരും എസ്‌റ്റേറ്റ് മാനേജ്‌മെന്റും അട്ടമലയിലെ ആസാം തൊഴിലാളികളോട് സ്വീകരിക്കുന്നത് കടുത്ത ചൂഷണം.
ഒന്നരമാസം മുമ്പാണ് ആസാമികളായ 23 കുടുംബങ്ങളിലായി 46പേരെ അട്ടമല ഡിവിഷനില്‍ തോട്ടപ്പണിക്കായി എത്തിച്ചത്. കണ്ണൂര്‍ സ്വദേശികളായ മൂന്നുപേരാണ് ഇടനിലക്കാര്‍. മികച്ച കൂലി വാഗ്ദാനം ചെയ്ത് ആസാമില്‍ നിന്നും കുടകിലെ കാപ്പിത്തോട്ടത്തിലാണ് ആദ്യമെത്തിച്ചത്.
ഇവിടത്തെ ജോലികള്‍ തീര്‍ന്നതോടെ ഹാരിസണ്‍മലയാളം മാനേജ്‌മെന്റുമായി ധാരണയായി അട്ടമല ഡിവിഷനിലേക്ക് കൊണ്ടുവന്നു. 23 പുരുഷന്മാരും 23 സ്ത്രീകളുമാണ് സംഘത്തില്‍. 60വയസ് പ്രായമായവരും ഇതിലുണ്ട്.
മൂന്ന് വയസ് മുതല്‍ 15വയസുവരെയുള്ള കുട്ടികളും മുതിര്‍ന്നവര്‍ക്കൊപ്പം കൂട്ടത്തിലുണ്ട്. മാനേജ്‌മെന്റും ഇടനിലക്കാരും ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇവര്‍ക്കുള്ള കൂലിയും മറ്റും നിശ്ചയിക്കുന്നത്. പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് 300 രൂപ ദിവസം കൂലി നല്‍കുമ്പോള്‍ ഇവര്‍ക്ക് 260 രൂപയാണ് നിശ്ചയിച്ചത്.
ഇതില്‍ 50 രൂപതോതില്‍ ഇടനിലക്കാരായ കണ്ണൂര്‍ സ്വദേശികള്‍ക്ക് നല്‍കണം. ഫലത്തില്‍ 210രൂപയാണ് ആസാം തൊഴിലാളികള്‍ക്ക് ലഭിക്കുക. കൂലി വാങ്ങുന്നത് മാസത്തിലൊരിക്കല്‍ എത്തുന്ന ഇടനിലക്കാരാണ്.
ജോലി ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ചെലവിനുള്ള പണം പോലും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. ഒരു കുടുംബം താമസിക്കേണ്ട പാടിമുറികളില്‍ രണ്ട് കുടുംബങ്ങളെയാണ് പാര്‍പ്പിച്ചിരുന്നത്.
ഇതുതന്നെ തകര്‍ന്നതും. അരി വാങ്ങാന്‍ പോലും പണമില്ലാതെ മിക്കപ്പോഴും പട്ടിണിയിലാണ് ഇവര്‍. വസ്ത്രങ്ങളുമില്ല. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ പോലും വാങ്ങാന്‍ ശേഷിയില്ലാതെ നരകിക്കുകയാണ് ഈ തൊഴിലാളികള്‍.
അസുഖം വന്നാല്‍ പോലും ജോലിക്ക് പോകണം. അല്ലാത്ത പക്ഷം കണ്ണൂരിലുള്ള ഇടപാടുകാര്‍ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തും. പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂറാണ് ജോലി സമയമെങ്കില്‍ ആസാമില്‍ നിന്നെത്തിയവര്‍ക്ക് ഇത് ബാധകമല്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
ഇവരെ കൊണ്ട് ഒന്‍പത് മണിക്കൂറോളം തൊഴിലെടുപ്പിക്കുകയാണ്. ഇവരുടെ ദുരിതാവസ്ഥ കണ്ട് മറ്റ് തൊഴിലാളികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. താമസ സ്ഥലം പരിശോധിച്ചപ്പോഴാണ് മാനേജ്‌മെന്റും ഇടപാടുകാരും നടത്തുന്ന ചൂഷണം വ്യക്തമായത്. തൊഴിലാളികള്‍ പിരിവിട്ട് രണ്ട് ചാക്ക് അരി ഇവര്‍ക്കായി ഞായറാഴ്ച എത്തിച്ചു. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കി.
വസ്ത്രങ്ങളും വിതരണം ചെയ്തു. തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇടനിലക്കാര്‍ ഉച്ചയോടെ അട്ടമലയില്‍ എത്തി. തുടര്‍ന്ന് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും 300 രൂപ കൂലിയായി നിശ്ചയിക്കുകയും ചെയ്തു.
ഇതില്‍ 20 രൂപ തോതില്‍ ഇടനിലക്കാര്‍ക്ക് കൊടുക്കാനും ധാരണയായി. ചികിത്സാസൗകര്യങ്ങളും ഇവര്‍ക്കായി ഒരുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ചികിത്സാ ചെലവുകള്‍ മാനേജ്‌മെന്റ് വഹിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."