തൊഴില്‍ നല്‍കാത്തതും അംബാനിക്ക് കോടികള്‍ നല്‍കിയതുമാണ് ദേശവിരുദ്ധത- മോദിക്കെതിരെ വീണ്ടും രാഹുല്‍
കണ്ണൂര്‍: മൂന്നു വിഷയങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തികത്തകര്‍ച്ച അഴിമതി കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവയാണ് അത്. ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ചയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതുമാണ് ദേശവിരുദ്ധത. നരേന്ദ്രമോദിക്ക് ഇതൊന്നും മനസ്സിലാവില്ല. മോദിയുടെ അനില്‍ ഭായ് ആയതാണ് അനില്‍ അംബാനിക്ക് റഫാല്‍ കരാറിലുള്ള യോഗ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവിധ അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍, വയനാട്, കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിലാണ് രാഹുലിന്റെ ഇന്നത്തെ പര്യടനം. പൊതുയോഗങ്ങളില്‍ പങ്കെടുത്ത ശേഷം വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
തിരുവനന്തപുരത്ത് നിന്നും ഇന്നലെ രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് ഗസ്റ്റ് ഹൗസിലെത്തിയത്. രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ നടക്കുന്ന യു.ഡി.എഫ് നേതൃ യോഗമാണ് രാഹുലിന്റെ ഇന്നത്തെ ആദ്യ പരിപാടി. കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 350 നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. യോഗ ശേഷം പ്രത്യേക ഹെലികോപ്ടറില്‍ തിരുനെല്ലിയിലേക്ക് പോകുന്ന രാഹുല്‍ ഇവിടെ ക്ഷേത്രദര്‍ശനവും ബലിതര്‍പ്പണവും നടത്തും. തുടര്‍ന്ന് ബത്തേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
തുടര്‍ന്ന് തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും രാഹുല്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചരയോടെ കോയമ്പത്തൂരിലെത്തുന്ന രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."