റഷ്യയെ പിന്തുണച്ചതിന് ട്രംപിന് രൂക്ഷവിമര്‍ശനം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടില്ലെന്ന റഷ്യന്‍ വാദത്തെ പിന്തുണച്ചതിന് ഡൊണാള്‍ഡ് ട്രംപിനെതിരേ യു.എസില്‍ രൂക്ഷ വിമര്‍ശനം. സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വമടക്കം ട്രംപിന്റെ പരാമര്‍ശത്തെ എതിര്‍ത്തു. ഫിന്‍ലന്‍ഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ പുറത്തുള്ളവര്‍ ഇടപെട്ടില്ലെന്ന് ട്രംപ് പറഞ്ഞത്.
റഷ്യയുടെ ഭാഗത്തുനിന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ നടന്നിട്ടില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യക്ക് യാതൊരു കാരണവുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന യു.എസ് രഹസ്യാന്വേഷണ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞടുപ്പില്‍ സൈബര്‍ മാധ്യമങ്ങള്‍ വഴി റഷ്യ ഇടപെടല്‍ നടത്തിയെന്ന് രഹസ്യാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
റഷ്യ നമ്മുടെ സഖ്യകക്ഷിയല്ലെന്ന കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനസിലാക്കണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി മുതിര്‍ന്ന നേതാവും യു.എസ് കോണ്‍ഗ്രസ് സ്പീക്കറുമായ പോള്‍ റ്യാന്‍ പറഞ്ഞു. ട്രംപ് സ്വന്തം രഹസ്യന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെയാണ് എതിര്‍ത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന് നാഷനല്‍ ഇന്റലിജന്‍സ് ഡയരക്ടര്‍ ഡാന്‍ കോട്‌സ് പറഞ്ഞു. റഷ്യ നമ്മുടെ അടിസ്ഥാനപരമായ മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാണ്. 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലജ്ജാവഹമായ സമീപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സെനറ്റ് ആംഡ് സര്‍വിസ് കമ്മിറ്റി അംഗവും സെനറ്ററുമായ ജോണ്‍ മക്കൈന്‍ പറഞ്ഞു. രാജ്യത്തിന്റെ ഒരു പ്രസിഡന്റും ഇത്ര മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനം രാജ്യദ്രോഹമാണെന്ന് സി.ഐ.എ മുന്‍ തലവന്‍ ജോണ്‍ ബെര്‍നന്‍ പറഞ്ഞു. അസംബന്ധ പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. അദ്ദേഹം പൂര്‍ണമായും പുടിന്റെ കീശയിലാണ്. റപബ്ലിക്കന്‍ രാജ്യസ്‌നേഹികള്‍ എവിടെയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
എന്നാല്‍ ട്രംപിനെ പിന്തുണച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് രംഗത്തെത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയെ അദ്ദേഹം പുകഴ്ത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 12 റഷ്യന്‍ രഹസ്യാന്വേഷകര്‍ക്കെതിരേ യു.എസ് കഴിഞ്ഞാഴ്ച കുറ്റം ചുമത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് പുടിനുമായുള്ള കൂടിക്കാഴ്ച നടത്തരുതെന്നും നിരവധി പേര്‍ നേരത്തെ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."