മുത്വലാഖ് നയം സ്ത്രീകളെ ദുരിതത്തിലാക്കുന്നത്: ആനി രാജ
കൊച്ചി: മോദി സര്‍ക്കാരിന്റെ മുത്വലാഖ് നയം മുസ്‌ലിം സ്ത്രീകളെ ദുരിതത്തിലാക്കുന്നതാണെന്ന് ദേശീയ മഹിളാഫെഡറേഷന്‍ പ്രസിഡന്റ് ആനിരാജ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മുസ്്‌ലിം സ്ത്രീക്ക് കൂടുതല്‍ നീതി എന്നു വരുത്തിതീര്‍ത്തുകൊണ്ട് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന മുത്വലാഖ് ബില്‍ സ്ത്രീകളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. മുത്വലാഖ് ചെല്ലുന്ന പുരുഷനെ ഉടനടി ജയിലില്‍ അടക്കുന്നതാണ് ബില്‍. ഈ സ്ത്രീയുടെ ഉപജീവനത്തെക്കുറിച്ചോ മക്കളുടെ ഉപജീവനത്തെക്കുറിച്ചോ ഉത്തരവാദിത്വം ആര്‍ക്കും കൊടുക്കാതെ സ്ത്രീകളെ തെരുവിലേക്ക് അയക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കി രാജ്യസഭയിലേക്ക് വരാന്‍ പോകുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയതായി തെറ്റിദ്ധരിപ്പിച്ച് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ബി.ജെ.പി സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. രണ്ട് പ്രസവത്തിന് ആനുകൂല്യം ലഭിക്കുക എന്നത് വെട്ടിച്ചുരുക്കി ആദ്യപ്രസവത്തിന് മാത്രം എന്നാക്കിയത് അനീതിയാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പലനിബന്ധനകളും പലര്‍ക്കും ആനുകൂല്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുവെന്നും ആനിരാജ പറഞ്ഞു.
ബാങ്ക് വായ്പ അടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തുവില്‍ നിന്ന് തുക ഈടാക്കാമെന്ന സര്‍ഫാസി നിയമം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2002ല്‍ നിലവില്‍ വന്ന സര്‍ഫാസി നിയമത്തില്‍ 2016ല്‍ മോദി സര്‍ക്കാറാണ് ഭേദഗതി വരുത്തിയത്. ഭേദഗതി ചെയ്യപ്പെട്ട നിയമം ഇന്ന് ബാങ്കുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും ആനി രാജ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."