ജില്ലയിലെ 19 പോളിങ് ബൂത്തുകള്‍ക്ക് മാറ്റം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 19 ബൂത്തുകളുടെ സ്ഥാനങ്ങള്‍ മാറ്റുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നും പുനരുദ്ധാരണത്തിനായി പൊളിച്ചു മാറ്റിയതിനെത്തുടര്‍ന്നുമാണ് സ്ഥാനം മാറ്റിയതെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ഡോ. കെ. വാസുകി അറിയിച്ചു. എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകള്‍ക്കാണ് മാറ്റം.
ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ 149ാം നമ്പര്‍ ബൂത്ത് നിലവില്‍ സ്ഥിതിചെയ്യുന്ന ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍നിന്ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലേക്ക് മാറ്റി. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 153ാം നമ്പര്‍ ബൂത്ത് കാവുമ്മൂല അങ്കണവാടിയില്‍നിന്ന് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വടക്കു കിഴക്ക് ഭാഗത്തേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ടു ബൂത്തുകള്‍ക്കു മാറ്റമുണ്ട്. വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിലുണ്ടായിരുന്ന 50, 51 നമ്പര്‍ ബൂത്തുകള്‍ യഥാക്രമം മണലയം സെന്റ് ആന്റണീസ് ചര്‍ച്ച് കോംപൗണ്ടിലെ കിഴക്കു ഭാഗത്തുള്ള ഹാളിന്റെ വടക്ക് ഭാഗം, തെക്കുഭാഗം എന്നിവിടങ്ങളിലേക്കു മാറ്റി.
നേമം മണ്ഡലത്തില്‍ അഞ്ചു ബൂത്തുകള്‍ക്കു മാറ്റമുണ്ട്. കാലടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലുണ്ടായിരുന്ന 84, 85, 86, 87 നമ്പര്‍ ബൂത്തുകള്‍ യഥാക്രമം കാലടി 563ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വനിതാ സമാജം ഹാളിന്റെ തെക്കു പടിഞ്ഞാറ് ഭാഗം, കിഴക്കു വശത്തുള്ള കെട്ടിടത്തിന്റെ തെക്കു ഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിന്റെ മധ്യ ഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിന്റെ വടക്കു ഭാഗം എന്നിങ്ങനെ സ്ഥാനം മാറ്റി. നേമം സബ് രജിസ്ട്രാര്‍ ഓഫിസിലുണ്ടായിരുന്ന 150ാം നമ്പര്‍ ബൂത്ത് സ്വരാജ് ഗ്രന്ഥശാലയിലേക്ക് മാറ്റിയിട്ടുണ്ട്. പാറശാല മണ്ഡലത്തിലെ പരശുവൈക്കല്‍ സര്‍വിസ് സഹകരണ ബാങ്കിലെ 122ാം നമ്പര്‍ ബൂത്ത് മഠത്തുവിളാകം 174ാം നമ്പര്‍ അങ്കണവാടിയിലേക്കു മാറ്റി. കാട്ടാക്കട മണ്ഡലത്തിലെ വിളവൂര്‍ക്കല്‍ കൃഷി ഓഫിസിലെ 10ാം നമ്പര്‍ ബൂത്ത് കൃഷി ഓഫിസിന്റെതന്നെ പുതിയ കെട്ടിടത്തിലേക്കു മാറ്റി.
കോവളം മണ്ഡലത്തിലെ ഏഴു ബൂത്തുകള്‍ക്ക് സ്ഥാനമാറ്റമുണ്ട്. മുട്ടക്കാട് എല്‍.എം.എസ് പ്രൈമറി സ്‌കൂളിലെ ഒന്ന്, 13 നമ്പര്‍ ബൂത്തുകള്‍ മുട്ടക്കാട് സി.എസ്.ഐ പാരിഷ് ഹാളിലേക്ക് മാറ്റി. കെ.വി ലോവര്‍ പ്രൈമറി സ്‌കൂളിലുണ്ടായിരുന്ന 76,77,78 നമ്പര്‍ ബൂത്തുകള്‍ യഥാക്രമം തെമ്പാമുട്ടം അങ്കണവാടി, തെമ്പാമുട്ടം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, തെമ്പാമുട്ടം ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്കു മാറ്റി. പൂതംകോട് എല്‍.പി. സ്‌കൂളിലെ 160ാം നമ്പര്‍ ബൂത്ത് കാഞ്ഞിരംകുളം പി.ഡബ്ല്യു.ഡി. ഓഫിസിലേക്കു മാറ്റി. കാഞ്ഞിരംകുളം പി.ഡബ്ല്യു.ഡി. ഓഫിസിലെ 165ാം നമ്പര്‍ ബൂത്ത് കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂളിലേക്കും സ്ഥാനം മാറ്റിയിട്ടുണ്ട്. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഇരുമ്പില്‍ എന്‍.എസ്.എസ് കരയോഗത്തിലെ 54ാം നമ്പര്‍ ബൂത്ത് ഇരുമ്പില്‍ 23ാം നമ്പര്‍ അങ്കണവാടിയിലേക്കും സ്ഥലംമാറ്റി. ഇതുകൂടാതെ ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലായി 40 പോളിങ് ബൂത്തുകള്‍ അവ സ്ഥിതിചെയ്തിരുന്ന കേന്ദ്രത്തില്‍ത്തന്നെ കെട്ടിടമാറ്റം വരുത്തിയിട്ടുണ്ടെന്നും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."