ആഞ്ഞടിച്ച തിരമാലകള്‍ക്ക് മുന്നില്‍ അദാനി ഗ്രൂപ്പിന്റെ ഉരുക്ക് പാലവും കീഴടങ്ങി
വിഴിഞ്ഞം: ആഞ്ഞടിച്ച തിരമാലകള്‍ക്ക് മുന്നില്‍ തുറമുഖ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ ഉരുക്ക് പാലത്തിനും പിടിച്ച് നില്‍ക്കാനായില്ല. പാലം തകര്‍ത്ത് കലിതുള്ളി ആര്‍ത്തിരമ്പിയ കടല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ കേന്ദ്രത്തെയും നിശ്ചലമാക്കി.
പൈലിങിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍കാലിക ഉരുക്ക് പ്ലാറ്റ്‌ഫോമിനെ തിരമാലകള്‍ തകര്‍ത്തെറിഞ്ഞതോടെ പത്തോളം ജീവനക്കാര്‍ കടലില്‍ കുടുങ്ങി. കടലിലെ ജെ.യു.വി ബാര്‍ജില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കാനുള്ള ശ്രമം വൈകിയും വിജയിച്ചില്ല. ബാര്‍ജില്‍ ബോട്ടടുപ്പിച്ച് ഇവരെ കരയില്‍ കൊണ്ടുവരാന്‍ ഇനി തിരയുടെ ശക്തി കുറയണമെന്ന് അധികൃതര്‍ പറഞ്ഞു. ഓഖി കാറ്റടിച്ചതിന് സമാനമാണ് കടലിന്റെയും തിരയുടെയും ഇപ്പോഴത്തെ അവസ്ഥയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൈലിങ് നിര്‍മാണ സ്ഥലത്തേക്ക് ലോറികളില്‍ സിമന്റ് മിക്‌സിങ്ങും മറ്റ് സാധനങ്ങളും കൊണ്ടു പോകാന്‍ നിര്‍മിച്ച അപ്രോച്ച് ഒന്നിലെ കൂറ്റന്‍ ഉരുക്ക് പ്ലാറ്റ്‌ഫോമിനെയാണ് ആഞ്ഞടിച്ച തിരമാലകള്‍ ഇന്നലെ തകര്‍ത്തെറിഞ്ഞത്. ഇതിനെ കരയുമായി ബന്ധിപ്പിച്ച്
നിര്‍ത്തിയിരുന്ന കല്ലുകളും കടല്‍കൊണ്ടു പോയി. രണ്ട് ദിവസമായി തുടരുന്ന കടല്‍ക്ഷോഭം ഇന്നലെ രാവിലെയോടെ ശക്തി പ്രാപിക്കുന്നത് കണ്ട അധികൃതര്‍ പൈലിങ് ലൈനറുകളിലേക്ക് അപ്രോച്ച് ഒന്ന് വഴി നിര്‍മാണ സാധനങ്ങള്‍ കൊണ്ടു പോകുന്നത് നിറുത്തിവെച്ചിരുന്നു.
ഉച്ചക്ക് ശേഷം ശക്തി പ്രാപിച്ച് ആഞ്ഞടിച്ച തിരമാലകളാണ് ജെട്ടിനിര്‍മാണത്തിനായി കടല്‍ കുഴിച്ച് കയറ്റിയ മണല്‍ത്തിട്ടക്കൊപ്പം പ്ലാറ്റ്‌ഫോമിനെയും തകര്‍ത്ത് കടലിലേക്ക് എറിഞ്ഞത്. പൈലിങ് മേഖലയിലെ ലൈനറുമായി ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നതോടെയാണ് ജീവനക്കാര്‍ ഒറ്റപ്പെട്ടത്. കടലിന്റെ കലിതുള്ളല്‍ കണ്ട്
പേടിച്ച് കരയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് തവളങ്ങളിലേക്ക് മടങ്ങി. ബാര്‍ജില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ബോട്ടിറക്കാന്‍ നടത്തിയ ശ്രമം വൈകുന്നേരവും വിജയിച്ചില്ല. ഇന്ന് കൂടെ കഴിയാനുള്ള ഭക്ഷണം ബാര്‍ജില്‍ ഉണ്ടെങ്കിലും കടല്‍ക്ഷോഭം തുടര്‍ന്നാല്‍ ഇവരുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകും. ഇതിന് മുന്‍പ് ഓഖി ദുരന്ത സമയത്താണ് തിരകള്‍ പ്ലാറ്റ്‌ഫോം തകര്‍ത്തത്. ഇനി പ്ലാറ്റ്‌ഫോമിന്റെ ഉരുക്ക് ഷീറ്റുകള്‍ കടലില്‍ നിന്ന് വീണ്ടെടുത്ത് പഴയപടിയില്‍ സ്ഥാപിച്ച് പൈലിങ് ആരംഭിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. ഓഖി ദുരന്ത ശേഷം ഇതാദ്യമായി തുറമുഖ നിര്‍മാണം കഴിഞ്ഞ ദിവസം മുതല്‍ പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."