ചിറ്റയത്തിന് വോട്ടഭ്യര്‍ഥിച്ച് ഭാര്യയും മക്കളും
കൊട്ടാരക്കര: മാവേലിക്കര ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് വോട്ടഭ്യര്‍ഥനയുമായി ഭാര്യയും മക്കളും വീടുകളിലെത്തി. വിഷുദിനത്തില്‍ കൊട്ടാരക്കരയിലാണ് മൂവര്‍ സംഘം ഭവന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ചിറ്റയത്തിന്റെ ഭാര്യ ഷെര്‍ലി, മക്കളായ അനുജ, അമൃത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അടൂരില്‍ എം.എല്‍.എ ആകുന്നതിന് മുന്‍പ് ചിറ്റയവും കുടുംബവും വളരെക്കാലം കൊട്ടാരക്കരയില്‍ വാടക വീട്ടിലായിരുന്നു താമസം. ഇതു മൂലം കൊട്ടാരക്കരക്കാര്‍ക്ക് ഇവര്‍ ചിരപരിചിതരാണ്. ഇക്കാരണത്താല്‍ വീടുകളിലെത്തുമ്പോള്‍ പറഞ്ഞു പരിചയപ്പെടുത്തേണ്ടുന്ന അവശ്യംവളരെ വിരളമായിരുന്നു. എങ്കിലും കൗതുകകരമായിരുന്നു ഇവരുടെ ഭവന സന്ദര്‍ശനം. അച്ഛനു വേണ്ടി വോട്ടുപിടിക്കാനല്ല തങ്ങള്‍ വീടുകള്‍ കയറിയതെന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയ മകള്‍ അനുജയുടെയും നിയമവിദ്യാര്‍ഥിനിയായ മകള്‍ അമൃതയുടെയും അഭിപ്രായം.
നാടിന്റെ നന്മക്കായി ഇടതു മുന്നണിക്കു വേണ്ടിയാണ് വോട്ടഭ്യര്‍ഥന നടത്തിയതെന്നും ഇരുവരും പറയുന്നു. വെയിലും ചൂടുമേറ്റ് തന്റെ ഭര്‍ത്താവുള്‍പ്പെടെ നൂറുകണക്കിനു പാര്‍ട്ടിക്കാര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു താനെന്നാണ് ഭാര്യ ഷെര്‍ലി വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളില്‍ മറ്റു മണ്ഡലങ്ങളും സന്ദര്‍ശിക്കും.ഹൈക്കോടതി അസിസ്റ്റന്റായി വിരമിച്ച വ്യക്തിയാണ് ഷെര്‍ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."