പാലരുവി എക്സ്പ്രസ്; സര്‍വീസ് രണ്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധം
കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയില്‍ സര്‍വിസ് നടത്തിയിരുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിന്‍ പ്രതികൂല കാലാവസ്ഥ കാരണം കൊല്ലം മുതല്‍ പാലക്കാട് വരെ, വരുന്ന രണ്ടാഴ്ചക്കാലം യാത്ര വെട്ടിച്ചുരുക്കിയതില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതിഷേധിച്ചു.
പാലരുവി എക്സ്പ്രസ് ട്രെയിനെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കൊല്ലം മുതല്‍ ചെങ്കോട്ട വരെയുള്ള റെയില്‍വേ പാതയില്‍ ധാരാളം അപകടങ്ങള്‍ പതിയിരിക്കുകയാണ്. ട്രാക്കിന്റ ഇരുവശത്തും റെയില്‍വേയുടെ കൈവശമുള്ള ഭൂമിയില്‍ നില്ക്കുന്ന നൂറ്റാണ്ടു പഴക്കമുള്ള പാഴ്മരങ്ങള്‍ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മധുര ഡിവിഷനിലെ എന്‍ജിനീയര്‍ വിഭാഗം കാണിക്കുന്ന കടുത്ത അനാസ്ഥയാണ് വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത്.
പഴക്കം ചെന്ന മരങ്ങളും മരക്കൊമ്പുകളും സമയബന്ധിതമായി മുറിച്ചു മാറ്റാതെ റെയില്‍വേ ഉദ്ദ്യോഗസ്ഥര്‍ മനപൂര്‍വ്വം അപകടങ്ങള്‍ വിളിച്ചു വരുത്തുകയാണെന്നും എം.പി അഭിപ്രായപ്പെട്ടു. കൊല്ലം മുതല്‍ ചെങ്കോട്ട വരെയുള്ള റെയില്‍വേ ലൈനിന്റെ ഇരുവശത്തും റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് നില്ക്കുന്ന മുഴുവന്‍ മരങ്ങളും മുറിച്ചു മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ റെയില്‍വേ മധുര ഡിവിഷനിലെ ഉദ്ദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും മധുര ഡിവിഷനല്‍ മാനേജര്‍ക്കും നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."